മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷികം; ശബരിമലയില്‍ സുരക്ഷ ശക്തമാക്കി
|ദര്‍ശനത്തിനായെത്തുന്നവരെയടക്കം നിരീക്ഷിക്കാനും ബാഗുകളും മറ്റും പരിശോധിക്കുന്നതിനും ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജ്, അജിത എന്നിവര്‍ നിലമ്പൂരില്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ശബരിമലയിലും പരിസരത്തും സുരക്ഷ ശക്തമാക്കി. ശബരിമലയില്‍ സുരക്ഷാ ചുമതലയുള്ള പൊലീസും മറ്റ് സേനാ വിഭാഗങ്ങളും ഇന്നലെ റൂട്ട് മാര്‍ച്ച് നടത്തി. ദര്‍ശനത്തിനായെത്തുന്നവരെയടക്കം നിരീക്ഷിക്കാനും ബാഗുകളും മറ്റും പരിശോധിക്കുന്നതിനും ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തില്‍ തിരിച്ചടിയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്നിധാനത്തും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നലെ നടന്ന റൂട്ട് മാര്‍ച്ചില്‍ പൊലീസ്, ദ്രുതകര്‍മ സേന, ദുരന്ത നിവാരണ സേന, ആര്‍പിഎഫ്, സിആര്‍പിഎഫ്, ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ്, ഫോറസ്റ്റ്, എക്‌സൈസ് വിഭാഗങ്ങള്‍ പങ്കെടുത്തു.
സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ പികെ മധു നേതൃത്വം നല്‍കിയ റൂട്ട് മാര്‍ച്ച് സന്നിധാനത്ത് നിന്ന് ആരംഭിച്ച് നടപ്പന്തല്‍, മരക്കൂട്ടം, ശരംകുത്തി, പാണ്ടിത്താവളം, അന്നദാന മണ്ഡപം, ഭസ്മക്കുളം വഴി തിരിച്ചെത്തി. ദര്‍ശനത്തിനെത്തുന്നവരെയടക്കം കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കും. ബാഗുകളും മറ്റും പരിശോധന നടത്തിയതിന് ശേഷമേ കടത്തിവിടുകയുള്ളൂ. നേരത്തെ കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും ഏകോപനത്തിനായി ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിക്കുകയും ചെയ്തിരുന്നു. നേവി, വ്യോമസേന എന്നിവയുടെ സഹകരണവും ശബരിമല സുരക്ഷയ്ക്കായി ഉറപ്പാക്കിയിട്ടുണ്ട്.