ശക്തമായ ത്രികോണ മത്സരം: ആറന്മുളയിലേത് പ്രവചനാതീത പോരാട്ടം
|തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപിലേക്ക് കടന്നതോടെ ആറന്മുളയിലെ പ്രചരണ ചൂടും ഉച്ചസ്ഥായിയിലാണ്
ശക്തമായ ത്രികോണ മത്സരത്തിന് അരങ്ങൊരുങ്ങിയതോടെ വാശിയേറിയ പോരാട്ടമാണ് ഇത്തവണ ആറന്മുളയില്‍. മണ്ഡലം നിലനിര്‍ത്താന്‍ സിറ്റിങ് എം എല്‍ എ കെ ശിവദാസന്‍ നായരെ തന്നെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അപ്രതീക്ഷിതമായി വീണാ ജോര്‍ജ് എത്തിയതും ബിജെപിയുടെ സജീവ സാന്നിധ്യവുമാണ് മണ്ഡലത്തെ രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമാക്കിയത്. ആറന്മുള പിടിക്കാന്‍ ബി ജെ പി നിയോഗിച്ചിരിക്കുന്നത് എം ടി രമേശിനെയാണ്. മൂന്ന് മുന്നണികളും പ്രചരണ രംഗത്ത് സജീവമായതോടെ ആറന്മുളയിലേത് പ്രവചനാധീത പോരാട്ടമായി മാറിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപിലേക്ക് കടന്നതോടെ ആറന്മുളയിലെ പ്രചരണ ചൂടും ഉച്ചസ്ഥായിയിലാണ്. സാധ്യമായ എല്ലാ തന്ത്രങ്ങളും പയറ്റി പ്രചരണ രംഗത്ത് മേല്‍ക്കൈ നേടാനുള്ള ശ്രമത്തിലാണ് മൂന്ന് മുന്നണികളും. യുഡിഫ് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ അനുകൂലമാകുമെന്നും എല്‍ഡിഎഫിന്റ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രീണന തന്ത്രത്തിനെതിരാവും ജനവിധിയെന്നും ശിവദാസന്‍ നായര്‍ പറയുന്നു.
വീണാ ജോര്‍ജിന്റെ സ്ഥാനാര്‍തിഥ്വം അനുകൂല ഘടകമാകുമെന്ന കണക്കു കൂട്ടലിലാണ് എല്‍ഡിഫ്. യുഡിഫിന്റെ ന്യൂനപക്ഷ വോട്ട് ബാങ്കില്‍ വീണയുടെ സ്ഥാനാര്‍ഥിത്വം വിള്ളല്‍ വീഴ്ത്തുമെന്ന പ്രതീക്ഷയും എല്‍ഡിഎഫിനുണ്ട്. ജില്ലാ ആസ്ഥാനമുള്‍പെടുന്ന മണ്ഡലം നേരിടുന്ന വികസന പിന്നോക്കാവസ്ഥയാണ് എല്‍ഡിഎഫിന്റെ പ്രധാന പ്രചരണ ആയുധം.
എല്‍ഡിഎഫിനും യുഡിഎഫിനുമെതിരായ ജനവിധിയായിരിക്കും ആറന്മുളയിലേതെന്ന് ബി ജെ പി സ്ഥാനാര്‍ഥി എംടി രമേശന്‍ പറയുന്നു. താമര വിരിയാന്‍ അനുകൂലമായ അന്തരീക്ഷമാണ് അറന്മുളയിലുള്ളതെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
ആറന്മുളയില്‍ വിജയം ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് മാത്രമല്ല രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ആരൊക്കെയാകും എത്തുകയെന്നതും സംസ്ഥാന രാഷ്ട്രീയത്തില്‍ വിശദമായ ചര്‍ച്ചക്ക് വഴിതെളിക്കുമെന്ന് ഉറപ്പാണ്.