ചെങ്ങന്നൂര്‍ എംഎല്‍എ കെ കെ രാമചന്ദ്രന് നായര്‍ അന്തരിച്ചു
|അന്ത്യം പുലര്‍ച്ചെ നാലിന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍
ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന് നായര്‍ അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പുലര്‍ച്ചെ നാലേ കാലിനായിരുന്നു മരണം. സംസ്കാരം നാളെ വൈകിട്ട് അഞ്ചിന് ആലപ്പുഴയിലെ വീട്ടുവളപ്പില്‍ നടക്കും.
കരള്‍ സംബന്ധമായ അസുഖം ഗുരുതരമായപ്പോഴാണ്, രാമചന്ദ്രന് നായരെ, ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ 31ന് ആശുപത്രിയില്‍ എത്തിയ അദ്ദേഹത്തെ, കുറച്ച് ദിവസത്തെ ചികിത്സയ്ക്കു ശേഷം ഐസിയുവില്‍ നിന്ന് മുറിയിലേയ്ക്ക് മാറ്റി. എന്നാല്‍, ഇന്നലെ വൈകിട്ടോടെ അസുഖം മൂര്ച്ഛിയ്ക്കുകയായിരുന്നു. ഭാര്യ പൊന്നുമണിയും മകന് പ്രശാന്തും മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു.
രാവിലെ ഏഴരയോടെ, അപ്പോളോ ആശുപത്രിയില്‍ നിന്നും മൃതദേഹം പോരൂരിലെ രാമകൃഷ്ണ ആശുപത്രിയില്‍ എത്തിച്ചു. എംബാം നടപടികള്‍ക്കു ശേഷം പതിനൊന്നര മണിയോടെ, ബന്ധുക്കള്‍ക്ക് കൈമാറി. ചെന്നൈ എയര്‍പോര്‍ട്ടിലെത്തിച്ച മൃതദേഹം എയര്‍ ആംബുലന്‍സില്‍ തിരുവനന്തപുരത്തേയ്ക്ക്. ഭാര്യയും മകനും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം മൃതദേഹത്തെ അനുഗമിച്ചു. മന്ത്രി ടി.പി. രാമകൃഷ്ണന്, പി.സി. വിഷ്ണുനാഥ് എന്നിവര്‍ ആശുപത്രിയില്‍ എത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച രാമചന്ദ്രന് 2001 ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശോഭന ജോര്‍ജിനെതിരെ 1465 വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെട്ടു. പിന്നീട് 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥിനെ 8000ത്തോളം വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെടുത്തി.