കേസ് ഒത്തുതീര്‍ന്നെന്ന ബിനോയ് കോടിയേരിയുടെ വാദം തെറ്റ്: രാകുല്‍ കൃഷ്ണ
|സാമ്പത്തിക തട്ടിപ്പ് കേസ് കോടതിയില്‍ ഒത്തുതീര്‍ന്നെന്ന ബിനോയ് കോടിയേരിയുടെ വാദം തെറ്റെന്ന് രാകുല്‍ കൃഷ്ണ മീഡിയവണിനോട് പറഞ്ഞു.
സാമ്പത്തിക തട്ടിപ്പ് കേസ് കോടതിയില്‍ ഒത്തുതീര്‍ന്നെന്ന ബിനോയ് കോടിയേരിയുടെ വാദം തെറ്റെന്ന് രാകുല്‍ കൃഷ്ണ മീഡിയവണിനോട് പറഞ്ഞു. കേസില്‍ ബിനോയിയും പാര്‍ട്ടിയും ആരോപണ വിധേയമായതില്‍ ഖേദമുണ്ട്. തന്നെ ശ്രീജിത്ത് വിജയന്‍പിള്ള ചതിക്കുകയായിരുന്നെന്നും രാകുല്‍ കൃഷ്ണ പറഞ്ഞു.
കേസില്‍ പരാതിക്കാരനായ ഹസന് ഇസ്മായില്‍ അല്‍ മര്സൂതക്കിയുടെ ജാസ് ടൂറിസം കമ്പനിയിയിലെ പങ്കാളിയാണ് താനെന്ന് രാകുല്‍ കൃഷ്ണ പറയുന്നു. വര്‍ഷം 120 കോടിയുടെ വിറ്റുവരവുള്ള കമ്പനിയുടെ രേഖകള്‍ ജാമ്യം നല്‍കിയാണ് ബിനോയ്ക്കും ശ്രീജിത്ത് വിജയന് പിള്ളക്കും വായ്പ തരപ്പെടുത്തി നല്‍കിയത്. എന്നാല്‍ ഇതിന് തിരിച്ചടവ് ഉണ്ടായില്ല. പണം ആവശ്യപ്പെട്ട് 17 തവണ ശ്രീജിത്തിന്റെ വീട്ടില്‍ ചെന്നു. ഒടുവില്‍ ചെന്നപ്പോള്‍ സംസാരിക്കാന്‍ പോലും തയ്യാറായില്ല. ശ്രീജിത്ത് തന്നെ ചതിക്കുകയായിരുന്നെന്ന് രാകുല്‍ പറഞ്ഞു.
തന്റെ സ്വര്‍ണവും വസ്തുവകകളും വിറ്റാണ് പണം തിരിച്ചടച്ചത്. കേസ് കോടതിയില്‍ ഒത്തുതീര്‍പ്പാക്കിയെന്ന ബിനോയ് കോടിയേരിയുടെ വാദം തെറ്റാണ്. ചെക്ക് ബൌണ്സായതിന് പിഴയീടാക്കുക മാത്രമാണ് ഉണ്ടായത്. തനിക്ക് സിപിഎമ്മുമായി നല്ല ബന്ധമാണുള്ളത്. തന്റെ പിതാവ് ഇഎംഎസിന്റെ പേഴ്സണല്‍ സ്റ്റാഫ് ആയിരുന്നു. കേസില്‍ തന്റെ നിലപാട് പിന്നീട് വ്യക്തമാക്കുമെന്നും രാകുല്‍ പറഞ്ഞു.