സംസ്ഥാനത്ത് വികസന സ്തംഭനം; ധവളപത്രം പുറത്തിറക്കണമെന്ന് പ്രതിപക്ഷം
|പ്രതീക്ഷിച്ച രീതിയിൽ വരുമാന വർധന ഉണ്ടാകാത്തത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായെന്നും എന്നാൽ വികസന സ്തംഭനമില്ലെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു
സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറത്തിറക്കണമെന്ന് പ്രതിപക്ഷം. സംസ്ഥാനത്ത് വികസന സ്തംഭനത്തിലാണെന്നും സാമൂഹ്യ സുരക്ഷാ പെൻഷനുകൾ പോലും മുടങ്ങിയിരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതീക്ഷിച്ച രീതിയിൽ വരുമാന വർധന ഉണ്ടാകാത്തത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായെന്നും എന്നാൽ വികസന സ്തംഭനമില്ലെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ട്രഷറി മൂന്നുമാസമായി സ്തംഭനത്തിലാണ്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം താറുമാറായി. റോഡുകളുടെയും പാലങ്ങളുടെയും നിർമാണം നിലച്ചു സാമൂഹ്യ സുരക്ഷാ പെൻഷനു വേണ്ടിയുള്ള 3 ലക്ഷം അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. അംഗൻവാടിയിലെ ഭക്ഷണ ബില്ലുകൾ പോലും മാന്നില്ലെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ വിഡി സതീശൻ ആരോപിച്ചു. പെട്രോൾ വിലവർധനയുടെയും വിലകയറ്റത്തിന്റെയും ഫലം പോലും ഖജനാവിൽ കാണുന്നില്ല. യഥാർഥ സാമ്പത്തികാവസ്ഥ ധനമന്ത്രി മറച്ചു വെക്കുകയാണ്. ധവളപത്രം പുറത്തിറക്കണമെന്നും സതീശൻ ആവശ്യപ്പട്ടു.
സംസ്ഥാനത്തെ ചെലവ് 22 ശതമാനം വർധിച്ചപ്പോൾ വരുമാനം 7 ശതമാനമാണ് വർധിച്ചത്. വായ്പ എടുക്കാൻ കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തുക കൂടി ചെയ്തതോടെ സാമ്പത്തിക ഞെരുക്കമുണ്ടായെന്ന് ത്തിനിടയാക്കിയെന്ന് ധനമന്ത്രി പറഞ്ഞു. എന്നാ ഇപ്പോൾ പ്രശ്നം പരിഹരിച്ചതായി അറിയിച്ചു. സാമൂഹിക സുരക്ഷാ പെൻഷൻ സംബന്ധിച്ച് പുതിയ മാനദണ്ഡo പുതിയ ബജറ്റിൽ പ്രഖ്യാപിക്കും. ഇതിന് ശേഷം പുതിയ അപേക്ഷകൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ധൂർത്തും കെടുകാര്യസ്ഥതയുമാണ് സാമ്പത്തിക പ്രതിസന്ധിക്കിടയാക്കിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി സഭ നിർത്തിവെച്ച് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങി പോയി.