സര്‍ക്കാര്‍ ഹോര്‍ഡിംഗിന് കോടികളുടെ കരാര്‍
|ഓരോ തവണ പരസ്യം പുതുക്കുമ്പോഴും ചതുരശ്ര അടിക്ക് 10 രൂപ നിരക്കില്‍ പ്രിന്റിങ് ചാര്‍ജും സര്‍ക്കാര്‍ നല്‍കണം
സര്‍ക്കാര്‍ പരിപാടികളുടെ പ്രചാരണത്തിന് ഹോര്‍ഡിങുകള്‍ സ്ഥാപിക്കാന്‍ പരസ്യകമ്പനികളുമായി നാല് കോടിയുടെ കരാര്‍. ഓരോ തവണ പരസ്യം പുതുക്കുമ്പോഴും ചതുരശ്ര അടിക്ക് 10 രൂപ നിരക്കില്‍ പ്രിന്റിങ് ചാര്‍ജും സര്‍ക്കാര്‍ നല്‍കണം. ഓരോ ജില്ലയിലെയും തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് ഹോര്‍ഡിങുകള്‍ സ്ഥാപിക്കുന്നത്.
സംസ്ഥാനമൊട്ടാകെ 128 ഹോര്‍ഡിങുകള്‍ സ്ഥാപിക്കാനാണ് കരാര്‍. ഇതിനായി ഒരു വര്‍ഷത്തേക്ക് മൂന്ന് കോടി നാല്പത്തിയെട്ട് ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ പരസ്യ കമ്പനികള്‍ക്ക് നല്‍കും. ഇതിന് പുറമെ 15 ശതമാനം സര്‍വീസ് ടാക്സും നല്‍കണമെന്നാണ് കരാര്‍ വ്യവസ്ഥ. പരസ്യം പുതുക്കുമ്പോള്‍ ചതുരശ്ര അടിക്ക് 10 രൂപ തോതില്‍ പ്രിന്റിങ് ചെലവ് സര്‍ക്കാര്‍ വഹിക്കണം. ഓരോ തവണ പരസ്യം മാറ്റുമ്പോഴും 14 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കേണ്ടിവരിക. തുടര്‍ പരസ്യങ്ങള്‍ക്ക് 4 രൂപ നിരക്കില്‍ മൌണ്ടിങ് ചാര്‍ജും നല്‍കണം. 16 ഹോര്‍ഡിങുകള്‍ സ്ഥാപിക്കുന്ന എറണാകുളത്താണ് ഏറ്റവും ഉയര്‍ന്ന തുകക്ക് കരാര്‍ നല്‍കിയിരിക്കുന്നത്. 49 ലക്ഷം രൂപ. കോഴിക്കോട് 45 ലക്ഷം രൂപക്കും തൃശൂരില്‍ 39 ലക്ഷം രൂപക്കുമാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ആറ് ഹോര്‍ഡിങുകള്‍ സ്ഥാപിക്കുന്ന ഇടുക്കിയിലാണ് ഏറ്റവും കുറഞ്ഞ കരാര്‍ തുക. ഏട്ടുലക്ഷത്തി ഇരുപത്തി ഓരായിരം രൂപയാണ് ഇടുക്കിയില്‍ ചെലവഴിക്കുക.