ബോട്ട് സമരം; ബേപ്പൂരില്‍ റിലേ നിരാഹാര സമരം തുടങ്ങി
|മത്സ്യബന്ധന ബോട്ടുടമകളും തൊഴിലാളികളും നടത്തുന്ന അനിശ്ചിതകാല സമരം ശക്തമാവുന്നു.
മത്സ്യബന്ധന ബോട്ടുടമകളും തൊഴിലാളികളും നടത്തുന്ന അനിശ്ചിതകാല സമരം ശക്തമാവുന്നു. സമരത്തോട് സര്‍ക്കാര്‍ മുഖം തിരിയ്ക്കുന്നതായി ആരോപിച്ച് ബേപ്പൂര്‍ ഹാര്‍ബറില്‍ റിലേ നിരാഹാര സമരം തുടങ്ങി. കൊല്ലത്ത് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിക്കുകയും ചെയ്തു.
ചെറുമത്സ്യങ്ങള്‍ പിടിക്കുന്നവര്ക്കെതിരായ നിയമനടപടി ശക്തിപ്പെടുത്തിയതില്‍ പ്രതിഷേധിച്ചും ഡീസല്‍ വില വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ സബ്സിഡി നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഈ മാസം 15 മുതല്‍ യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകള്‍ സമരം ആരംഭിച്ചത്. സമരം അഞ്ച് ദിവസമായിട്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരത്തിന്റെ രൂപം മാറ്റാന്‍ ബോട്ട് ഉടമകളും മത്സ്യബന്ധന തൊഴിലാളികളും തീരുമാനിച്ചത്. ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബറില്‍ അനിശ്ചിതകാല നിരാഹാര റിലേ സമരം ഇന്നാരംഭിച്ചു.
ബോട്ട് ഓണേഴ്സ് അസോസിയേഷനും മത്സ്യത്തൊഴിലാളികളും ചേർന്ന് കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. എന്‍ കെ പ്രേമചന്ദ്രന് എംപി ഉപരോധം ഉദ്ഘാടനം ചെയ്തു. സമരം ശക്തമായതോടെ സംസ്ഥാനത്തെ ഹാര്‍ബറുകളുടെ പ്രവര്‍ത്തനം ഏതാണ്ട് നിശ്ചലമായ അവസ്ഥയിലാണ്.