നിയമസഭയിൽ ഗ്രനേഡുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ
|സഭയിൽ സാധാരണ മാരകായുധം കൊണ്ടുവരാറില്ലെന്നും തിരുവഞ്ചൂരിന്റെ നടപടി അതീവ ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ
നിയമസഭയിൽ ഗ്രനേഡുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. കാലാവധി കഴിഞ്ഞ ഗ്രനേഡാണ് യൂത്ത് കോൺഗ്രസുകാർക്കെതിരെ പ്രയോഗിച്ചതെന്ന് ആരോപിച്ച് തിരുവഞ്ചൂർ ഗ്രനേഡ് സഭയിൽ ഉയർത്തിക്കാട്ടി. ഇത് ഭരണപക്ഷത്തിന്റെ പ്രതിഷേധത്തിനിടയാക്കി. സഭയിൽ സാധാരണ മാരകായുധം കൊണ്ടുവരാറില്ലെന്നും തിരുവഞ്ചൂരിന്റെ നടപടി അതീവ ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗ്രനേഡ് സ്പീക്കർ കസ്റ്റഡിയിൽ എടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിർമ്മാണ തീയതിയടക്കം രേഖപ്പെടുത്തിയ രസീതുൾപ്പെടെ ഗ്രനേഡ് മേശപ്പുറത്ത് വയ്ക്കുന്നതായി തിരുവഞ്ചൂർ അറിയിച്ചു.
കാലാവധി കഴിഞ്ഞ ഗ്രനേഡ് ഉപയോഗിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. തിരുവഞ്ചൂരിനെതിരെ റൂളിങ്ങ് വേണമെന്ന ഭരണപക്ഷ ആവശ്യം പരിശോധിക്കാമെന്ന് സ്പീക്കർ ഉറപ്പ നൽകിയതിന് ശേഷമാണ് ബഹളം അവസാനിച്ചത്.