Kerala
Kerala

സിറോ മലബാര്‍ സഭാ ഭൂമിവിവാദം പരസ്യപ്പോരിലേക്ക്

Sithara
|
30 May 2018 12:05 AM GMT

കർദിനാൾ ജോർജ് ആലഞ്ചേരിയെ പിന്തുണച്ച് ഒരു വിഭാഗം വിശ്വാസികള്‍ പ്രാർത്ഥനാ സംഗമം നടത്തി.

സിറോ മലബാര്‍ സഭാ ഭൂമി വിവാദം പരസ്യപ്പോരിലേക്ക്. കർദിനാൾ ജോർജ് ആലഞ്ചേരിയെ പിന്തുണച്ച് ഒരു വിഭാഗം വിശ്വാസികള്‍ പ്രാർത്ഥനാ സംഗമം നടത്തി. എറണാകുളം ബിഷപ്പ് ഹൗസിന് മുന്നിലായിരുന്നു സംഗമം. കർദിനാളിനെ സ്ഥാനഭ്രഷ്ടനാക്കാൻ ശ്രമിക്കുന്നത് സഹായമെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്ത് ആണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. കര്‍ദിനാളിനെതിരെ വൈദികര്‍ ബിഷപ് ഹൌസിലേക്ക് മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് വിശ്വാസികള്‍ പരസ്യ പിന്തുണ പ്രഖ്യാപിച്ചത്.

മറൈൻ ഡ്രൈവിൽ നിന്ന് പ്രകടനമായാണ് പ്രതിഷേധക്കാർ ബിഷപ്പ് ഹൗസിന് മുൻപിലെ പ്രാർത്ഥന സംഗമത്തിനെത്തിയത്. കർദിനാളിനെതിരായ നീക്കത്തിന് പിന്നിൽ സഹായ മെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്താണെന്ന് ആലഞ്ചേരി അനുകൂലികൾ ആരോപിച്ചു.

രാഹുൽ ഈശ്വർ അടക്കമുള്ളവർ പ്രാർത്ഥനാ സംഗമത്തിൽ പങ്കെടുത്തു. അതേസമയം കർദിനാളിനെ അനുകൂലിച്ച് വാഴക്കാല ഇടവക വികാരി ആന്റണി പുതുവേലിൽ ഇടവക പ്രസിദ്ധീകരണത്തിൽ ലേഖനമെഴുതി. കർദിനാളിനെ സ്ഥാനഭ്രഷ്ടനാക്കാൻ ഗൂഢനീക്കം നടക്കുന്നുവെന്ന് പുതുവേലിൽ കുറ്റപ്പെടുത്തുന്നു. മാവോയിസ്റ്റുകളെ വിട്ട് കർദിനാളിനെ മറുവിഭാഗം ഭീഷണിപ്പെടുത്തിയെന്നും ലേഖനം ആരോപിക്കുന്നു.

Similar Posts