ഐഎസ് റിക്രൂട്ട്മെന്റ് കേസ്: യാസ്മിന് ഏഴ് വര്‍ഷം കഠിന തടവ്
|കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്
കേരളത്തിലെ ആദ്യത്തെ ഐ എസ് റിക്രൂട്ട്മെന്റ് കേസിലെ പ്രതി യാസ്മിൻ അഹമ്മദിന് ഏഴ് വർഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ. കൊച്ചി പ്രത്യേക എൻ ഐ എ കോടതിയുടേതാണ് വിധി. യാസ്മിനെതിരെയുള്ള കുറ്റം പ്രോസിക്യൂഷന് തെളിയിക്കാനായെന്നും കോടതി ചൂണ്ടി കാട്ടി.
പ്രോസിക്യൂഷൻ വാദങ്ങൾ പൂർണമായി അംഗീകരിക്കുന്നതാണ് കൊച്ചി എൻ ഐ എ കോടതി വിധി. കേസിലെ രണ്ടാം പ്രതി യാസ്‍മിനെതിരെ ഐഎസ്ഐഎസിൽ അംഗത്വമെടുക്കുക, തീവ്രവാദ സംഘടനയിലേക്ക് ആളെ കൂട്ടുക, ഗൂഢാലോചന നടത്തുക, ഇന്ത്യയുമായി സൗഹാർദ്ദത്തിലുള്ള രാജ്യങ്ങളുമായി യുദ്ധത്തിന് ആഹ്വാനം ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടന്നതായി കോടതി നിരീക്ഷിച്ചു.15 പേർ ഉൾപെട്ട കേസിൽ യാസ്മിൻ മാത്രമാണ് പിടിയിലായത്.
2016 ൽ അഫ്ഗാനിസ്ഥാനിലേക്ക് കടക്കാൻ ശ്രമിക്കവെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് നാലു വയസ്സുകാരനായ മകനൊപ്പമാണ് യാസ്മിനെ പോലീസ് പിടികൂടിയത്. കാസർകോട് സ്വദേശി അബ്ദുൾ റാഷിദ് അബ്ദുള്ളയുമായി ദീർഘനാളത്തെ ബന്ധം യാസ്മിനുണ്ടെന്നാണ് അന്വേഷണ സംലത്തിന്റെ കണ്ടെത്തൽ. താൻ നിരപരാധിയാണെന്നും തനിക്ക് അബ്ദുൾ റാഷിദിനെ അറിയില്ലെന്നും വിധി പ്രസ്താവത്തിന് മുമ്പ് യാസ്മിൻ പ്രതികരിച്ചു. തെളിവുകളില്ലാതിരുന്നിട്ടും കോടതി ശിക്ഷ വിധിക്കുകയായിരുന്നെന്നും അപ്പീൽ'പോകുമെന്നും യാസ്മിന്റെ അഭിഭാഷകൻ പ്രതികരിച്ചു .