Kerala
സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പള പരിഷ്കരണം: മധ്യസ്ഥ ചർച്ച പരാജയംസ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പള പരിഷ്കരണം: മധ്യസ്ഥ ചർച്ച പരാജയം
Kerala

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പള പരിഷ്കരണം: മധ്യസ്ഥ ചർച്ച പരാജയം

Sithara
|
30 May 2018 4:29 PM GMT

നേരത്തെ മന്ത്രിതല ചർച്ചയിൽ മുന്നോട്ട് വെച്ച വേതന പരിഷ്കരണത്തിൽ അധികം നൽകാൻ കഴിയില്ലെന്ന നിലപാടാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകൾ സ്വീകരിച്ചത്.

നഴ്സുമാർ അടക്കമുള്ള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ മധ്യസ്ഥ ചർച്ച പരാജയപ്പെട്ടു. സർക്കാർ നൽകിയ ഉറപ്പുകൾ പ്രകാരമുള്ള വിജ്ഞാപനത്തെ മാത്രമാണ് പിന്തുണക്കുന്നതെന്ന് നഴ്സുമാരുടെ സംഘടന നിലപാടെടുത്തു. നിയമ നടപടികൾ തുടരാനാണ് മാനേജ്മെന്റ് അസോസിയേഷന്റെ തീരുമാനം.

നഴ്‌സുമാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് മുമ്പ് വീണ്ടും മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതോടെയാണ് വീണ്ടും ചർച്ചക്ക് വഴിയൊരുങ്ങിയത്. ചർച്ചയിൽ വിവിധ സംഘടന പ്രതിനിധികളെ കൂടാതെ മിനിമം വേജസ് അഡ്‌വൈസറി ബോർഡിലെ മൂന്നംഗങ്ങൾ, ലേബർ കമ്മീഷണർ, ഹൈക്കോടതി നിയോഗിച്ച പാനലിൽ നിന്നുള്ള രണ്ട് മധ്യസ്ഥർ എന്നിവരും പങ്കെടുത്തു.

നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും മിനിമം വേതനവും ശമ്പള പരിഷ്കരണവും സംബന്ധിച്ച് സർക്കാർ നൽകിയ ഉറപ്പ് പ്രകാരം അന്തിമ വിജ്ഞാപനം ഇറക്കണമെന്ന നിലപാടിൽ നഴ്സുമാരുടെ സംഘടനയും സിഐടിയു, എഐടിയുസി എന്നീ സംഘടനകളും നിലപാടെടുത്തു. നേരത്തെ മന്ത്രിതല ചർച്ചയിൽ മുന്നോട്ട് വെച്ച വേതന പരിഷ്കരണത്തിൽ അധികം നൽകാൻ കഴിയില്ലെന്ന നിലപാടാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകൾ സ്വീകരിച്ചത്.

മധ്യസ്ഥ ചർച്ചയുടെ വിവരങ്ങൾ അറിയിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. സർക്കാരിന്റെ അന്തിമ വിജ്ഞാപനത്തെ ചോദ്യംചെയ്ത് വിവിധ ആശുപത്രി മാനേജ്മെന്റുകൾ സമർപ്പിച്ച ഹരജി കോടതി ഏപ്രിൽ മൂന്നിന് വീണ്ടും പരിഗണിക്കും.

Related Tags :
Similar Posts