വൈറസ് ഭീഷണി വ്യാപകം: സ്വന്തമായി വൈറോളജി ലാബില്ലാതെ കേരളം
|മറ്റു സംസ്ഥാനങ്ങളെയാണ് കേരളം ആശ്രയിക്കുന്നത്
വൈറസ് രോഗ ഭീഷണി ഉയരുമ്പോഴും സംസ്ഥാനത്ത് വൈറോളജി ലാബുകള്‍ ഇല്ല. നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മണിപ്പാലിലെ ലാബുകളെയാണ് കേരളം ആശ്രയിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലടക്കം വൈറോളജി ലാബുകള്‍ സ്ഥാപിക്കാന്‍ പദ്ധതി ഉണ്ടെങ്കിലും ഇതുവരെ നടപടികളായില്ല.
നാല് വര്‍ഷത്തിലധികമായി എച്ച് വണ്‍ എന്‍ വണ്‍ ഉള്‍പ്പെടെയുള്ള വൈറസ് ഭീഷണി സംസ്ഥാനത്തുണ്ട്. ഇപ്പോള്‍ നിപ വൈറസും റിപ്പോര്‍ട്ട് ചെയ്തു. മണിപ്പാല്‍ കസ്തൂബ മെഡിക്കല്‍ കോളജിന്റെ വൈറോളജി ഇന്‍സ്റ്റിറ്റൂട്ടിനെയാണ് ആശ്രയിക്കുന്നത്. ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ സഹായത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വൈറോളജി ലാബ് തുടങ്ങാന്‍ രണ്ട് വര്‍ഷം മുമ്പ് പദ്ധതി ഇട്ടിരുന്നു. അത് പ്രഖ്യാപനത്തില്‍ ഒതുങ്ങി.
പൂണെ ദേശീയ ഇന്‍സ്റ്റിറ്റൂട്ടിന്റെ റീജനല്‍ കേന്ദ്രം ആലപ്പുഴയില്‍ തുടങ്ങിയെന്നേയുള്ളൂ. ബയോടെക്നോളജി വകുപ്പുമായി ചേര്‍ന്ന് മറ്റ് മെഡിക്കല്‍ കോളജുകളിലും ലാബുകള്‍ ഉണ്ടെങ്കിലും വലിയ പരിശോധനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും സൌകര്യങ്ങളിലില്ല. സംസ്ഥാനത്ത് രണ്ട് വൈറോളജി ലാബെങ്കിലും വേണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. ചെന്നൈ, മധുര എന്നിവിടങ്ങളില്‍ രണ്ട് ലാബുകള്‍ ഉണ്ട്.