Kerala
നിപ വൈറസിന് പിന്നില്‍ വവ്വാലെന്ന് തെളിഞ്ഞിട്ടില്ലനിപ വൈറസിന് പിന്നില്‍ വവ്വാലെന്ന് തെളിഞ്ഞിട്ടില്ല
Kerala

നിപ വൈറസിന് പിന്നില്‍ വവ്വാലെന്ന് തെളിഞ്ഞിട്ടില്ല

Khasida
|
30 May 2018 6:10 PM GMT

പ്രാഥമിക പരിശോധനയില്‍ പ്രദേശത്തെ മൃഗങ്ങളിലും വവ്വാലുകളിലും വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല

കോഴിക്കോട് പന്തിരിക്കരയില്‍ നിപ വൈറസ് ബാധക്ക് കാരണമായത് വവ്വാലാണോയെന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് കേന്ദ്ര മൃഗസംരക്ഷണവകുപ്പ്. വവ്വാലുകളുടേയും മറ്റു ജന്തുക്കളുടേയും രക്തപരിശോധനാ ഫലം വെള്ളിയാഴ്ച ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കൂവെന്ന് കേന്ദ്ര മൃഗസംരക്ഷണവകുപ്പ് കമ്മീഷണര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താനായി കേന്ദ്ര മൃഗസംരക്ഷണവകുപ്പില്‍ നിന്നുള്ള
വിദഗ്ധ സംഘം യോഗം ചേര്‍ന്നു.

കേന്ദ്ര മൃഗസംരക്ഷണവകുപ്പ് കമ്മീഷണര്‍ ഡോക്ടര്‍ സുരേഷ് എസ് എച്ചിന്റെ നേതൃത്വത്തിലുള്ള സംഘം നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച പന്തിരിക്കരയിലും സമീപ പ്രദേശങ്ങളിലും പരിശോധന നടത്തിയിരുന്നു. നിപാ വൈറസ് ബാധിച്ച് മൂന്നു പേര്‍ മരിച്ച കുടുംബത്തിന്റെ പുരയിടത്തിലെ കിണറില്‍ നിന്നും പിടി കൂടിയ വവ്വാലിന്‍റെ രക്തസാമ്പിളുകളും ഉമിനീരും പരിശോധനക്കായി ഭോപ്പാലിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ പശുക്കളുടേയും പന്നികളുടേയും രക്തസാമ്പിളുകളും ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹൈ സെക്യൂരിറ്റി ആനിമലിന്‍റെ ലാബില്‍ പരിശോധിക്കും.

സാധാരണഗതിയില്‍ പഴവര്‍ഗങ്ങള്‍ ഭക്ഷിക്കുന്ന ഇനം വവ്വാലുകളെയാണ് നിപ വൈറസ് ബാധിക്കാറ്. എന്നാല്‍ പന്തിരിക്കരയിലെ കിണറില്‍ നിന്നും ലഭിച്ച വവ്വാലുകള്‍ ഇത്തരത്തിലുള്ളതല്ലെന്നാണ് വിദഗ്ധ സംഘം അറിയിച്ചത്. പ്രാഥമിക പരിശോധനയില്‍ പ്രദേശത്തെ മൃഗങ്ങളിലും വവ്വാലുകളിലും വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. വവ്വാലുകളെ കൊന്നൊടുക്കുന്നത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും സംഘം അറിയിച്ചു.

Related Tags :
Similar Posts