ലോ അക്കാദമി: സമവായശ്രമവുമായി സിപിഎം, രാജിവെക്കില്ലെന്ന് ലക്ഷ്മി നായര്‍
|ഡയറക്ടര്‍ നാരായണന്‍ നായരെ എകെജി സെന്‍ററിലേക്ക് വിളിപ്പിച്ചു.
തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍പ്പാക്കാന്‍ സിപിഎം ഇടപെടല്‍. അക്കാദമി ഡയറക്ടര്‍ ഡോ. എന്‍ നാരായണന്‍ നായരെ എകെജി സെന്ററിലേക്ക് വിളിച്ച് പാര്‍ട്ടി നേതൃത്വം ചര്‍ച്ച നടത്തി. അതേസമയം പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്ന് ലക്ഷ്മി നായര്‍ പ്രതികരിച്ചു.
ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് സമവായത്തിനായി പാര്‍ട്ടി നേതൃത്വം ഇടപെട്ടത്. ഡോ എന്‍ നാരായണന്‍ നായരെ എകെജി സെന്ററിലേക്ക് വിളിപ്പിച്ച് പാര്‍ട്ടി നേതൃത്വം ചര്‍ച്ച നടത്തി. ഡയറക്ടര്‍ ബോര്‍ഡ് അംഗവും മുന്‍ എം എല്‍ എയുമായ കോലിയക്കോട് കൃഷ്ണന്‍നായരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രശ്നപരിഹാരത്തിന് ലക്ഷ്മി നായര്‍ രാജിവെക്കുകയോ ദീര്‍ഘാവധിയില്‍ പ്രവേശിക്കുകയോ ചെയ്യണമെന്ന നിര്‍ദേശമാണ് പാര്‍ട്ടി നേതൃത്വം മുന്നോട്ട് വെച്ചതെന്നാണ് സൂചന. എന്നാല്‍ രാജി ആവശ്യപ്പെടേണ്ടതില്ലെന്നും ഇക്കാര്യത്തില്‍ ലക്ഷ്മി നായര്‍ തീരുമാനമെടുക്കട്ടെയെന്നുമാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ നിലപാട്. രാജിവെക്കാനില്ലെന്ന നിലപാടില്‍ ലക്ഷ്മിനായരും ഉറച്ചുനില്‍ക്കുന്നു. ഇക്കാര്യത്തില്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ പിന്തുണയും ലക്ഷ്മി നായര്‍ക്കുണ്ട്. രാജിവെക്കും വരെ സമരം തുടരുമെന്ന് എസ്എഫ്ഐയും വ്യക്തമാക്കി.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ്, മന്ത്രി ജി സുധാകരന്‍ എന്നിവരും എകെജി സെന്ററില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. അക്കാദമിയിലെ സമരം മാനേജ്മെന്റിന് പുറമേ സിപിഎമ്മിനെയും സര്‍ക്കാരിനെയും ഒരുപോലെ പ്രതിരോധത്തിലാക്കുന്നുണ്ട്.