പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ മലപ്പുറം ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് കെഎന്‍എ ഖാദര്‍
|മത്സരിക്കാന്‍ തനിക്കും യോഗ്യതയുണ്ടെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട്
മലപ്പുറം ഉപ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധതയറിയിച്ച് മുസ്ലിം ലീഗില്‍ കൂടുതല്‍ പേര് രംഗത്ത്. മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയുമായ കെഎന്‍എ ഖാദര്‍, ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട് എന്നിവര്‍ മത്സരിക്കാന്‍ സന്നദ്ധരാണെന്ന് മീഡിയവണിനോട് പറഞ്ഞു.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മലപ്പുറത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് കെഎന്‍എ ഖാദര്‍ പറഞ്ഞു. ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞതുകൊണ്ടാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനിന്നത്. തന്നെ ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഭംഗിയായി നിര്‍വഹിക്കുമെന്നും കെഎഎന്‍എ ഖാദര്‍ പറഞ്ഞു,
മലപ്പുറത്ത് മത്സരിക്കാന്‍ തനിക്കും യോഗ്യതയുണ്ടെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട് പറഞ്ഞു. ദേശീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന തനിക്ക് അവസരം നല്കിയാല് ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി കെ കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ഥിയാകാതെ മാറി നില്ക്കും എന്ന് അഭ്യൂഹം പരന്നതോടെയാണ് മുസ്ലിം ലീഗില്‍ നിരവധി പേര് സ്ഥാനാര്‍ഥികളാകാന്‍ സന്നദ്ധരായി രംഗത്തുവന്നിരിക്കുന്നത്. ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥി സന്നദ്ധത അറിയിച്ച് ഇത്രയും പേര് രംഗത്തെത്തുന്നത്. അതുകൊണ്ട് നാളെ നടക്കുന്ന ലീഗ് നേതൃയോഗം നിര്‍ണായകമാകും