Kerala
മംഗളം ഓഫീസില്‍ പൊലീസ് പരിശോധന നടത്തിമംഗളം ഓഫീസില്‍ പൊലീസ് പരിശോധന നടത്തി
Kerala

മംഗളം ഓഫീസില്‍ പൊലീസ് പരിശോധന നടത്തി

Sithara
|
31 May 2018 3:28 AM GMT

ജീവനക്കാരില്‍ നിന്ന് അന്വേഷണ സംഘം തെളിവെടുത്തു.

ഫോണ്‍ കെണി വിവാദത്തില്‍ മംഗളം ചാനലിന്‍റെ തിരുവനന്തപുരത്തെ ഹെഡ് ഓഫീസില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. നോട്ടീസ് നല്‍കിയിട്ടും പ്രതികള്‍ ഹാജരാകാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. ജീവനക്കാരില്‍ നിന്ന് മൊഴി എടുത്തിട്ടുണ്ട്. അതേസമയം മംഗളം സിഇഒ അടക്കമുള്ള പ്രതികള്‍ നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. അന്വേഷണം നിഷ്പക്ഷമായി നടക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പ്രതികരിച്ചു.

രാവിലെ 10 മണിക്ക് ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നായിരുന്നു അന്വേഷണ സംഘം ഒമ്പത് പ്രതികള്‍ക്കും നോട്ടീസ് നല്‍കിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസായതിനാല്‍ പ്രതികള്‍ ആരും ഹാജരായിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് പോലീസ് മംഗളം ചാനലിന്‍റെ ഓഫീസിലെത്തിയത്. പ്രതികളാരും അവിടെ ഉണ്ടായിരുന്നില്ലന്നാണ് സൂചന. ഓഫീസില്‍ ഉണ്ടായിരുന്ന ജീവനക്കാരില്‍ നിന്ന് മൊഴി എടുത്തിട്ടുണ്ട്. എ കെ ശശീന്ദ്രനെ കുടുക്കാന്‍ ഉപയോഗിച്ച ഫോണും സിമ്മും എഡിറ്റ് ചെയ്ത കമ്പ്യൂട്ടറും കണ്ടെത്തുന്നതിന്‍റെ ഭാഗമായി കൂടിയായിരുന്നു പരിശോധന.

മുന്‍കൂര്‍ ജാമ്യപേക്ഷക്കുള്ള ശ്രമം പ്രതികള്‍ നടത്തുന്നുണ്ട്. നാളെ തിരുവനന്തപുരം ജില്ലാ കോടതിയിലോ ഹൈക്കോടതിയിലെ അപേക്ഷ നല്‍കാനാണ് തീരുമാനം. മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. രാംകുമാറിന്‍റെ നേതൃത്വത്തിലുള്ള രാംകുമാര്‍ അസോസിയേറ്റ് ആയിരിക്കും പ്രതികള്‍ക്ക് വേണ്ടി ഹാജരാവുക.

Similar Posts