കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ കൊച്ചി നഗരത്തില്‍ സ്വകാര്യ കമ്പനിയുടെ ഭൂഗര്‍ഭ കേബിളുകള്‍
|പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് കൊച്ചി മേയര്‍ സൌമിനി ജയിന്
കൊച്ചിയില്‍ സ്വകാര്യ കമ്പനി അനുമതിയില്ലാതെ ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിച്ചതിനെതിരെ നല്കിയ പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് കൊച്ചി മേയര്‍ സൌമിനി ജയിന്. വിഷയത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ ഡിജിപി ഓഫീസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തും. ഡിജിപിക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് സൌമിനി ജയിന് പറഞ്ഞു. കൊച്ചി നഗരസഭാപരിധിയില്‍ അനുമതിയില്ലാതെ റോഡ് കുത്തിപ്പൊളിച്ച് ഭാരതി എയര്‍ടെല്‍ കേബിള്‍ സ്ഥാപിച്ചതായാണ് നഗരസഭയുടെ പരാതി.
ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കാനുള്ള അനുമതി തേടി കമ്പനി നഗരസഭയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അനുമതി ലഭിക്കാതെ തന്നെ കമ്പനി പണികള്‍ നടത്തിയതായി കണ്ടെത്തി. തുടര്‍ന്ന് നഗരസഭ സ്റ്റോപ് മെമ്മോ നല്‍കുകയും ചെയ്തു. എന്നാല്‍ അപേക്ഷയിന്മേലുള്ള നടപടികള്‍ തുടരവേ കമ്പനി വീണ്ടും അനധികൃതമായി റോഡ് വെട്ടിപ്പൊളിച്ച് കേബിള്‍ സ്ഥാപിച്ചു. ഇതിനെതിരെ മേയര്‍ നേരിട്ട് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പൊലീസ് അനാസ്ഥയ്ക്കെതിരെ ഡിജിപിക്ക് കത്തയച്ചെങ്കിലും ഫലമുണ്ടായില്ലെന്നും മേയര്‍ പറയുന്നു.
കേബിള്‍ ഇട്ടതില്‍ വലിയ അഴിമതി നടന്നെന്ന് പ്രതിപക്ഷ ആരോപണം ഉന്നയിച്ചിരുന്നു. ഇതോടെ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നഗരസഭാ സെക്രട്ടറിക്ക് മേയര്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കും.