പശുവളര്‍ത്തലും കൃഷിയും; പഠനച്ചെലവിനായി അഞ്ജുവും മഞ്ജുവും കണ്ട വഴി
|കോ ഓപ്പറേറ്റീവ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ അഞ്ജുവും നേമം വിക്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മഞ്ജുവും പഠനത്തിലും മിടുക്കരാണ്.
പഠനചെലവിന് വേണ്ടി പശുക്കളെ വളര്‍ത്തുന്ന രണ്ട് വിദ്യാര്‍ത്ഥികളുണ്ട് തിരുവനന്തപുരം മുക്കുന്നിമലയില്‍. ഇടയ്ക്കോട് എന്ന ഗ്രാമത്തില്‍ കഴിയുന്ന അഞ്ജുവും മഞ്ജുവും പശുവളര്‍ത്തലില്‍ മാത്രമല്ല കൃഷിയിലും മിടുക്കരാണ്. പശുക്കളെ കറന്ന് പാല് ക്ഷീരോത്പാദന സഹകരണസംഘത്തില്‍ നല്കിയ ശേഷമാണ് ഇരുവരും സ്കൂളിലും, കോളേജിലും പോകുന്നത്.
അഞ്ജുവിന്റെയും മഞ്ജുവിന്റെയും ഈ യാത്ര മുക്കുന്നിമലയിലെ നാട്ടുകാര്‍ക്ക് പുതുമയുള്ള കാഴ്ചയല്ല. വര്‍ഷങ്ങളായി എല്ലാ ദിവസവും രാവിലെ ഇവിടുത്തെ നാട്ടുകാര്‍ ഇത് കാണാറുണ്ട്.
രാവിലെ 4.30 തന്നെ അമ്മ ബേബിക്ക് ഒപ്പം ഇരുവരും എഴുന്നേല്ക്കും. അമ്മയും മക്കളും ചേര്‍ന്ന പശുക്കളുടെ പാല് കറക്കും. തുടര്‍ന്ന് അടുത്തുള്ള ക്ഷീരോല്‍പ്പാദന സഹകരണസംഘത്തില്‍ പാല് കൊണ്ട് പോയി നല്‍കും. തിരിച്ചെത്തിയ ശേഷം പശുക്കളെ കുളിപ്പിക്കാന്‍ അടുത്തുള്ള കുളത്തിലേക്ക്.
കോ ഓപ്പറേറ്റീവ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഞ്ജുവും നേമം വിക്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മഞ്ജുവും പഠനത്തിലും മിടുക്കരാണ്.
സാമ്പത്തിക ബുദ്ധിമുട്ട് കാരണം മക്കളുടെ പഠനം നിലച്ച് പോകുമെന്ന അവസ്ഥയിലാണ് ബേബി പശുവളര്‍ത്തല്‍ ആരംഭിച്ചത്.കുട്ടികളുടെ പഠനത്തിനും വീട്ടാവശ്യങ്ങള്‍ക്കുമുള്ള പണം ഇപ്പോള്‍ ഇത് വഴിയാണ് കുടുംബത്തിന് ലഭിക്കുന്നത്. പശുവളര്‍ത്തലില്‍ മാത്രല്ല, വീടിന്റെ മട്ടുപ്പാവില്‍ പച്ചക്കറി കൃഷിയും ഈ കുട്ടികള്‍ ചെയ്യുന്നുണ്ട്. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി ഇവിടെ തന്നെ ഉത്പാദിക്കുന്നതിനൊപ്പം നാട്ടുകാര്‍ക്ക് വില്‍പ്പനയും നടത്താറുണ്ട്.