Kerala
അച്ഛന് മാത്രമല്ല അവകാശം, 24 വയസ്സുള്ള പെണ്‍കുട്ടിക്ക് സ്വയം തെരഞ്ഞെടുപ്പിനുള്ള അവകാശമുണ്ട്: സുപ്രീംകോടതിഅച്ഛന് മാത്രമല്ല അവകാശം, 24 വയസ്സുള്ള പെണ്‍കുട്ടിക്ക് സ്വയം തെരഞ്ഞെടുപ്പിനുള്ള അവകാശമുണ്ട്: സുപ്രീംകോടതി
Kerala

അച്ഛന് മാത്രമല്ല അവകാശം, 24 വയസ്സുള്ള പെണ്‍കുട്ടിക്ക് സ്വയം തെരഞ്ഞെടുപ്പിനുള്ള അവകാശമുണ്ട്: സുപ്രീംകോടതി

Sithara
|
31 May 2018 7:22 PM GMT

വിവാഹം റദ്ദാക്കാനുള്ള അധികാരം ഹൈക്കോടതിക്കുണ്ടോയെന്ന് പരിശോധിക്കും. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

ഹാദിയയുടെ സംരക്ഷണാവകാശം അച്ഛന് മാത്രമല്ലെന്ന് സുപ്രീംകോടതി. 24 വയസ്സുള്ള യുവതിയെ അടച്ചിടാൻ അച്ഛന് അധികാരം ഇല്ല. ഹാദിയക്ക് സ്വയം തിരഞ്ഞെടുപ്പിനുള്ള അവകാശമുണ്ട്. വിവാഹം റദ്ദാക്കാനുള്ള അധികാരം ഹൈക്കോടതിക്കുണ്ടോയെന്ന് പരിശോധിക്കും. എൻഐഎ അന്വേഷണം ആവശ്യമുണ്ടോ എന്ന കാര്യത്തിലും വാദം കേൾക്കാൻ കോടതി തീരുമാനിച്ചു. കേസ് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.

24 വയസ്സുള്ള ഹാദിയയെ വീടിനകത്ത് അടച്ചിടാൻ അച്ഛന് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഹാദിയയുടെ സംരക്ഷണാവകാശം അച്ഛന് മാത്രമല്ല. ആവശ്യമെങ്കിൽ ഹാദിയക്ക് പുതിയ കസ്റ്റോഡിയനെ നിയോഗിക്കുമെന്നും കോടതി പറഞ്ഞു. വൈകാരികതയല്ല പരിഗണിക്കുക. നിയമ വൃത്തത്തിനകത്ത് നിന്നാണ് കേസിൽ വാദം കേൾക്കുക. ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരം സമർപ്പിച്ച റിട്ട് ഹരജിയിൽ വിവാഹം റദ്ദാക്കാനുള്ള അധികാരം ഹൈക്കോടതിക്കുണ്ടോ എന്നതായിരിക്കും കോടതിയുടെ മുഖ്യ പരിഗണനാ വിഷയം.

ഷെഫിൻ ജഹാൻ സമർപ്പിച്ച അപ്പീലിൽ അധികാര പരിധി ലംഘിച്ചാണ് സുപ്രീംകോടതി കേസിൽ എൻഐഎ അന്വേഷണം പ്രഖ്യാപിച്ചതെന്നും ഇത് റദ്ദാക്കണമെന്നും മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദാവെ വാദിച്ചു. എന്നാൽ ഒരു ഹരജിയിൽ അധികാര പരിധി വികസിപ്പിക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് കോടതി പറഞ്ഞു. എങ്കിലും എൻഐഎ അന്വേഷണം ആവശ്യമുണ്ടോയെന്ന് പരിശോധിക്കാൻ കോടതി സമ്മതിച്ചു. ഹാദിയ കേസ് ഒറ്റപ്പെട്ടതാണോ അതോ സമാന സംഭവങ്ങൾ ആസൂത്രിതമായി വ്യാപകമായി നടക്കുന്നുണ്ടോ എന്ന കാര്യമാണ് അന്വേഷിക്കുന്നതെന്നും അന്വേഷണത്തിന്റെ ഇടക്കാല റിപ്പോർട്ട് പരിശോധിക്കണമെന്നും എൻഐഎ ആവശ്യപ്പെട്ടു.

വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാന്‍ അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഹാദിയയെ കാണാൻ അനുമതി തേടി സമർപ്പിച്ച വനിതാ കമ്മീഷന്റെ ഹരജിയും കോടതി തിങ്കളാഴ്ച പരിഗണിക്കും.

Similar Posts