രാജീവിന്റെ കൊലപാതകത്തില്‍ അഡ്വ ഉദയഭാനുവിനെ പതിനാറ് വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
|കൊല്ലപ്പട്ട റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ വീട്ടില്‍ അഡ്വ. ഉദയഭാനു പലതവണ പോയിരുന്നതായി പൊലീസ്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും
ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ രാജീവിന്റെ കൊലപാതകത്തില്‍ അഡ്വ ഉദയഭാനുവിനെ ഈ മാസം പതിനാറ് വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഉദയഭാനു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നിര്‍ദേശം. ഇതിനിടെ രാജീവിന്റെ വീട്ടില്‍ പല തവണ ഉദയഭാനു എത്തിയതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ രാജീവ് കൊല്ലപ്പെട്ട കേസില്‍ അന്വേഷണം ഉഭയഭാനുവിലേക്ക് നീങ്ങുന്നതിനിടെയാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്. കേസില്‍ നിരപരാധിയാണെന്നും പൊലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയിരിക്കുന്നത്.രാജീവുമായി ഭൂമി ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും പതിനൊന്നര ലക്ഷം രൂപ തനിക്ക് രാജീവ് തരാനുണ്ടായിരുന്നുവെന്നും ഹരജിയില്‍ പറയുന്നു. ഇത് പരിഗണിക്കുന്നിതിനിടെയാണ് ഈ മാസം 16 വരെയുള്ള അറസ്റ്റ് കോടതി തടഞ്ഞത്. ഒരു അഭിഭാഷകനെ പ്രതി വിളിച്ചു എന്ന് കരുതി അറസ്റ്റ് ചെയ്യാനാകില്ലെന്നും ശക്തമായ തെളിവുകളില്ലാതെ അറസ്റ്റ് പാടില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍ നിലവില്‍ ഉദയഭാനുവിനെ പ്രതിയാക്കിയിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
രാജീവ് കൊല്ലപ്പെട്ട കേസില്‍ നേരിട്ട് പങ്കെടുത്ത 4 പേരും ഗൂഢാലോചനക്കാരായ രണ്ട് പേരും പിടിയിലായതോടെ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന പരിശോധനയിലാണ് പൊലീസ്. ഗൂഢാലോചന നടത്തിയ ചക്കര ജോണിയും രഞ്ജിത്തും കൊലപാതകം നടത്തിയ ഷൈജുവും മൊഴികളില്‍ അഡ്വ ഉദയഭാനുവിന്റെ പേര് പരാമര്‍ശിച്ചിരുന്നു. ഇതോടെയാണ് ഉദയഭാനുവിനെതിരായ അന്വേഷണം പൊലീസ് ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി രാജീവിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു. ദൃശ്യങ്ങളില്‍ ഉദയഭാനു പലതവണ രാജീവിന്റെ വീട്ടില്‍ എത്തിയിരുന്നതായി തെളിയുകയും ചെയ്തു