കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടക്കാത്തതിനെതിരെ കോടതിയില്‍ ഹരജി
|പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഉപാധ്യക്ഷന്‍ അനില്‍ തോമസാണ് പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.
കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടക്കാത്തതിനെതിരെ ഹൈക്കോടതിയില്‍ ഹരജി. പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഉപാധ്യക്ഷന്‍ അനില്‍ തോമസാണ് പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് ഫയലില്‍ സ്വീകരിച്ച കോടതി കോണ്‍ഗ്രസ് നേതൃത്വത്തിനും ഇലക്ഷന്‍ കമ്മീഷനും നോട്ടീസ് അയച്ചു.
കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിലെ വീതംവെയ്പ്പ് മൂലം യുവാക്കള്‍ക്ക് സംഘടനാതലത്തിലും തെരഞ്ഞെടുപ്പ് രംഗത്തും അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ചാണ് മുന്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റുമായ അനില്‍ തോമസ് കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള ദേശീയ, സംസ്ഥാന രാഷ്ട്രീയ കക്ഷികള്‍ നിര്‍ദ്ദിഷ്ട ഇടവേളകളില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. എന്നാല്‍ കോണ്‍ഗ്രസില്‍ ഇത് പാലിക്കപ്പെടുന്നില്ല. ഇക്കാരണത്താലാണ് പാര്‍ട്ടി നേതൃത്വത്തെയും ഇലക്ഷന്‍ കമ്മീഷനെയും എതിര്‍കക്ഷികളാക്കി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
മുന്‍പ് എ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന അനില്‍ തോമസ് പിന്നീട് ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ഗ്രൂപ്പിന്റെ ഭാഗമാകാത്തിടത്തോളം പാര്‍ട്ടിയില്‍ പദവികള്‍ ഉണ്ടാകില്ല. നിയമ നടപടിയുടെ പേരില്‍ പാര്‍ട്ടി അച്ചടക്ക നടപടി ഉണ്ടായാല്‍ അതിനെ നേരിടുമെന്നും അനില്‍ തോമസ് വ്യക്തമാക്കി.