സ്വാശ്രയ എംഫാം തീസിസ് മൂല്യനിര്‍ണയത്തില്‍ നടന്നത് ഞെട്ടിക്കുന്ന ക്രമക്കേട്
|30 മിനിറ്റ് മുതല്‍ 40 മിനിറ്റ് വരെ സമയം എടുത്ത് മൂല്യ നിര്‍ണയം നടത്തേണ്ടിടത്ത് രണ്ട് മിനിറ്റ് പോലും എടുക്കാതെ തീസിസ് മൂല്യനിര്‍ണയം എകസ്റ്റേണല്‍ എക്സാമിനര്‍മാര്‍ നടത്തിയതായി പരിശോധനയില്‍ കണ്ടത്തി
ആരോഗ്യ സര്‍വ്വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ ഉള്‍പ്പെട്ട സ്വാശ്രയ എംഫാം കോളേജുകളിലെ തീസിസ് മൂല്യ നിര്‍ണയത്തില്‍ നടന്നത് ഞെട്ടിക്കുന്ന ക്രമക്കേടാണെന്ന് സെനറ്റ് അന്വേഷണ സമിതി റിപ്പോര്‍ട്ട്. 30 മിനിറ്റ് മുതല്‍ 40 മിനിറ്റ് വരെ സമയം എടുത്ത് മൂല്യ നിര്‍ണയം നടത്തേണ്ടിടത്ത് രണ്ട് മിനിറ്റ് പോലും എടുക്കാതെ തീസിസ് മൂല്യനിര്‍ണയം എകസ്റ്റേണല്‍ എക്സാമിനര്‍മാര്‍ നടത്തിയതായി പരിശോധനയില്‍ കണ്ടത്തി. കംപ്യൂട്ടര്‍ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് സെനറ്റ് ഉപസമിതി നിര്‍ണായകമായ ക്രമക്കേടുകള്‍ക്ക് തെളിവ് കണ്ടെത്തിയത്.
എംഫാമിന് മാര്‍ക്ക് ദാനം നടത്തിയതായി ആരോഗ്യ സര്‍വകാലാശാല കണ്ടെത്തിയ ചാലക്കുടി സെന്‍റ് ജെയിംസ് കോളേജിനെ കൂടുതല്‍ പ്രതികൂട്ടിലാക്കുന്നതാണ് സെനറ്റ് അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിലെ തീസിസ് മൂല്യ നിര്‍ണയവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍. ഒരു വിദ്യാര്‍ഥിയുടെ തീസിസ് പരീക്ഷ സമയത്ത് മൂല്യനിര്‍ണയം നടത്തി അപ് ലോഡ് ചെയ്യാന്‍ 30 മുതല്‍ 40 മിനിറ്റു വരെ സമയം വേണമെന്നാണ് പരീക്ഷ ബോര്‍ഡ് ചെയര്‍മാനടക്കം അന്വേഷണ സമിതിക്ക് നല്‍കിയ മൊഴി. കംപ്യൂട്ടര്‍ വിദഗ്ധരുടെ സഹായത്തോടെ അന്വേഷണ സമിതി നടത്തിയ പരിശോധനയില്‍ 2 മിനിറ്റില്‍ താഴെ സമയം വരെ മൂല്യനിര്‍ണയത്തിന് ചിലവഴിച്ച തീസിസുകള്‍ വരെ കണ്ടെത്തി.
2016 ആഗസ്ത 30ന് നടന്ന ഫാര്‍മസ്യൂട്ടിക്സ് പേപ്പറിന്‍റെ തീസിസ് മൂല്യനിര്‍ണയത്തിനായി ആറ് വിദ്യാര്‍ഥികള്‍ക്കായി ചെലവഴിച്ചത് 11 മിനിറ്റാണെന്നാണ് വിദഗ്ധസമിതിയുടെ കണ്ടെത്തല്‍. അതായത് ഒരു വിദ്യാര്‍ഥികക്ക് ചിലവഴിച്ചത് രണ്ട് മിനിറ്റില്‍ താഴെ മാത്രം. ഇതിന് തലേ ദിവസം നടന്ന ഫാമര്‍സ്യൂട്ടിക്സ് പാര്‍ട്ട് 2 വിന് ഒരു വിദ്യാര്‍ഥിക്ക് എടുത്ത സമയം 7.2 മിനിറ്റ് മാത്രം. 3 മണിക്ക് പരീക്ഷ ആരംഭിച്ച 36 മിനിറ്റു കൊണ്ട് അഞ്ച് വിദ്യാര്‍ഥികളുടെ മൂല്യ നിര്‍ണയം പൂര്‍ത്തിയാക്കി ഫലം അപ് ലോഡ് ചെയ്യുകയെന്നത് അസ്വാഭാവികമാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.
ഫാര്‍മസ്യൂട്ടിക്കല്‍ അനാലിസിസ് തീസിസിടക്കമുള്ളവയിലും ഇത് തന്നെയാണ് അവസ്ഥ. ഇതേ പരീക്ഷയ്ക്ക് സര്‍ക്കാര്‍ കോളേജുകളിലെ വിദ്യാര്‍ഥികളുടെ മൂല്യ നിര്‍ണയത്തിനായി ഓരോ വിദ്യാര്‍ഥിക്കും 36 മിനിറ്റു മുതല്‍ ഒരു മണിക്കൂറിലധികം വരെ സമയം എടുത്തതായും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ഇതിനെല്ലാം പുറമെയാണ് തീസിസ് കോപ്പയടിച്ചുവെന്ന കണ്ടെത്തല്‍. ഒരേ ഗൈഡിന് കീഴിലുള്ള രണ്ട് വിദ്യാര്‍ഥികളുടെ തീസിസ് സമാനമായിരുന്നുവെന്ന് മാത്രമല്ല തലകെട്ടിലെ അക്ഷര തെറ്റുവരെ രണ്ടിടത്തും ആവര്‍ത്തിച്ചു. റാങ്കുകള്‍ വര്‍ഷങ്ങളായി മെറിറ്റില്‍ ഉയര്‍ന്ന റാങ്കോടെ പ്രവേശനം നേടിയവരെ മറികടന്ന് സ്വാശ്രയ കോളേജിലേക്ക് എത്തിയതെന്ന് കൂടി വിശദമാക്കുന്നതാണ് സെനറ്റ് ഉപസമിതി റിപ്പോര്‍ട്ട്.