കെഎസ് ആര്‍ടിസി പെന്‍ഷന്‍കാര്‍ സംസ്ഥാന വ്യാപകമായി റോഡ് ഉപരോധിച്ചു
|തിരുവനന്തപുരത്തും എറണാകുളത്തും ദേശീപാതയാണ് ഉപരോധിച്ചത്
5 മാസത്തെ പെന്ഷന്മുടങ്ങിയതില് പ്രതിഷേധിച്ച് കെഎസ് ആര്‍ടിസി പെന്‍ഷന്‍കാര്‍ സംസ്ഥാന വ്യാപകമായി റോഡ് ഉപരോധിച്ചു. തിരുവനന്തപുരത്തും എറണാകുളത്തും ദേശീപാതയാണ് ഉപരോധിച്ചത്. പെന്ഷന് , സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
മൂന്നുമാസത്തെ പെന്ഷന് മുഴവനായും രണ്ടു മാസം ഭാഗികമായും മുടങ്ങിയതോടെയാണ് സമരം ശക്തമാക്കാന്‍ കെ എസ് ആര് ടി സി പെന്‍ഷന്‍കാര്‍ തീരുമാനിച്ചത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ എം ജി റോഡ് ഉപരോധിച്ചായിരുന്നു സമരം. സ്ത്രീകളടക്കം നൂറുകണക്കിന് പെന്‍ഷന്‍കാര്‍ നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ദേശീയ പാത 47 ല്‍ ഇടപ്പള്ളി-ആലുവ റോഡിലായിരുന്നു എറണാകുളം ഉപരോധം. കെ എസ് ആര് ടി സി പെന്ഷന് പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
നാളെ മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാലം സമരം ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ക്രിസ്തുമസിന് മുമ്പായി പെന്ഷന് കുടിശ്ശിക കൊടുത്തു തീര്‍ക്കുമെന്നാണ് ധനമന്ത്രി തോമസ് ഐസക് പറയുന്നത്.