Kerala
ഒളിഞ്ഞുനോട്ടം വിഎസിന്‍റെ വീക്ക്നെസ്, ഗാന്ധിജിയെ വലിച്ചിഴച്ചത് ഇരട്ടത്താപ്പ്: രൂക്ഷ പ്രതികരണവുമായി ബല്‍റാംഒളിഞ്ഞുനോട്ടം വിഎസിന്‍റെ വീക്ക്നെസ്, ഗാന്ധിജിയെ വലിച്ചിഴച്ചത് ഇരട്ടത്താപ്പ്: രൂക്ഷ പ്രതികരണവുമായി ബല്‍റാം
Kerala

ഒളിഞ്ഞുനോട്ടം വിഎസിന്‍റെ വീക്ക്നെസ്, ഗാന്ധിജിയെ വലിച്ചിഴച്ചത് ഇരട്ടത്താപ്പ്: രൂക്ഷ പ്രതികരണവുമായി ബല്‍റാം

Sithara
|
31 May 2018 11:03 AM GMT

രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളുമൊക്കെ വിഎസിന്‍റെ വീക്ക്നെസാണെന്ന് ബല്‍റാം

എകെജിയെ കുറിച്ചുള്ള തന്റെ പരാമര്‍ശത്തെ വിമര്‍ശിക്കാന്‍ വി എസ് അച്യുതാനന്ദന്‍ മഹാത്മാ ഗാന്ധിയെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് വിഎസിന്‍റെ ഇരട്ടത്താപ്പാണെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ദേശാഭിമാനിയില്‍ വിഎസ് എഴുതിയ ലേഖനത്തിന് മറുപടിയായാണ് ബല്‍റാമിന്‍റെ പ്രതികരണം. ഒരു ഭാഗത്ത്‌ എകെജിയുടെ രണ്ടാം വിവാഹത്തേക്കുറിച്ച്‌ പറഞ്ഞത്‌ ഹീനമായ വ്യക്തിഹത്യ ആണെന്ന് ആരോപിക്കുകയും എന്നാൽ മറുഭാഗത്ത്‌ മഹാത്മാഗാന്ധിയേക്കൂടി സമാനമായ തലത്തിൽ‌ പ്രചരണവിഷയമാക്കണമെന്ന് ആശിക്കുകയും ചെയ്യുന്നത്‌ എത്ര വലിയ ഇരട്ടത്താപ്പാണെന്നാണ് ബല്‍റാമിന്‍റെ ചോദ്യം.

രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളുമൊക്കെ വിഎസിന്‍റെ വീക്ക്നെസാണെന്നും ബല്‍റാം ആരോപിക്കുന്നു. രാജ്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ ധീര സൈനികന്റെ കുടുംബത്തേക്കുറിച്ചും മത്സ്യത്തൊഴിലാളി പശ്ചാത്തലത്തിൽ നിന്നുയർന്നുവന്ന പാർട്ടിയിലെ യുവനേതാവിനേക്കുറിച്ചും മലമ്പുഴയിൽ എതിർസ്ഥാനാർത്ഥിയായി മത്സരിച്ച വനിതാ നേതാവിനെക്കുറിച്ചുമൊക്കെ വിഎസിന്‍റെ വായിൽ നിന്ന് പുറത്തുവന്ന മൊഴിമുത്തുകൾ മലയാള സാഹിത്യത്തിന്‌ വലിയ മുതൽക്കൂട്ടാണ്‌. മുഖ്യമന്ത്രിയേക്കുറിച്ചും അദ്ദേഹത്തിന്‍റെ കുടുംബത്തെ കുറിച്ചും നിയമസഭയിൽ നടത്തിയ ഹീനമായ അധിക്ഷേപങ്ങൾ ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നുണ്ട്‌. അന്ന് അശ്ലീലാഭാസച്ചിരിയോടെ അത്‌ കേട്ട്‌ ഡസ്ക്കിലടിച്ച്‌ പ്രോത്സാഹിപ്പിച്ച താങ്കളുടെ പാർട്ടിക്കാരുടെ മുഖങ്ങളും ഓര്‍മ്മയുണ്ടെന്ന് ബല്‍റാം വിശദമാക്കി.

തന്നെ അമൂൽ ബേബിയെന്ന് വിളിച്ചതിൽ ഒരു വിരോധവുമില്ല. വിഎസിനെപ്പോലുള്ളവരിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്‌ കോൺഗ്രസ്‌ നേതാക്കളെ മുഴുവൻ ലൈംഗികാരോപണങ്ങളാൽ അടച്ചാക്ഷേപിക്കുന്ന സോഷ്യൽ മീഡിയയിലെ ന്യൂജെൻ ഗോപാലസേനക്കാരിലൊരാൾക്ക്‌ അതേനാണയത്തിൽ നൽകിയ മറുപടിയിലെ രാഷ്ട്രീയ ശരിതെറ്റുകളേക്കുറിച്ചുള്ള ചർച്ചകളും വിമർശനങ്ങളും നടക്കട്ടെ. "എന്നെ തിരുത്താൻ എന്റെ പാർട്ടിക്കും കേരളീയ പൊതുസമൂഹത്തിനും അർഹതയുണ്ട്‌. പക്ഷേ ഇക്കാര്യത്തിൽ മറ്റാരിൽ നിന്ന് പാഠമുൾക്കൊണ്ടാലും താങ്കളിൽ നിന്നോ സിപിഎമ്മിൽ നിന്നോ അത്‌ സാധ്യമാവുമെന്ന് തോന്നുന്നില്ല" എന്ന് ബല്‍റാം വ്യക്തമാക്കി. സർക്കാർ ചെലവിൽ കാറും ബംഗ്ലാവും പരിവാരങ്ങളുമൊക്കെയായി കാബിനറ്റ്‌ റാങ്കോടെ ജീവിക്കുന്ന വന്ദ്യവയോധികരുടേത്‌ മാത്രമല്ല, ചെറുപ്പക്കാരുടേത്‌ കൂടിയാണ്‌ ഈ ലോകമെന്നും ബല്‍റാം വിഎസിനെ ഓര്‍മിപ്പിച്ചു.

Similar Posts