Kerala
ചെങ്ങന്നൂരില്‍ മത്സരിക്കാനില്ലെന്ന് വിഷ്ണുനാഥ്ചെങ്ങന്നൂരില്‍ മത്സരിക്കാനില്ലെന്ന് വിഷ്ണുനാഥ്
Kerala

ചെങ്ങന്നൂരില്‍ മത്സരിക്കാനില്ലെന്ന് വിഷ്ണുനാഥ്

Sithara
|
31 May 2018 6:19 AM GMT

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ചുമതലയുള്ളതിനാലാണ് മത്സരിക്കാത്തതെന്ന് വിഷ്ണുനാഥ് പറ‍ഞ്ഞു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥ്. കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ആയതിനാലാണ് മത്സരിക്കാത്തതെന്ന് വിഷ്ണുനാഥ് പറഞ്ഞു. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു.

ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വ ചര്‍ച്ചകളില്‍ പി സി വിഷ്ണുനാഥിന്‍റെ പേര് കോണ്‍ഗ്രസ് നേതൃത്വം സജീവമായി പരിഗണിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മത്സരിക്കാനില്ലെന്ന വിഷ്ണുനാഥിന്‍റെ തീരുമാനം. കര്‍ണാടയില്‍ പൂര്‍ണ ശ്രദ്ധ വേണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍റിന്‍റെ നിര്‍ദേശമുണ്ടെന്ന് വിഷ്ണുനാഥ് വ്യക്തമാക്കി.

വിഷ്ണുനാഥ് മണ്ഡലം ശ്രദ്ധിക്കാതെ ദേശീയ രാഷ്ട്രീയത്തിലെ സ്ഥാനമാനങ്ങള്‍ ഉന്നംവെച്ച് പ്രവര്‍ത്തിച്ചുവെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്നു. ഈ ആരോപണം സജീവമായിരിക്കെയാണ് പിന്മാറാനുള്ള വിഷ്ണുനാഥിന്‍റെ തീരുമാനം. പി സി വിഷ്ണുനാഥിനൊപ്പം കെപിസിസി അംഗം എബി കുര്യാക്കോസ്, യുഡിഎഫ് ജില്ലാ ചെയര്‍മാനും മുന്‍ എംഎല്‍എയുമായ എം മുരളി, യുവനേതാവ് ജ്യോതി വിജയകുമാര്‍ എന്നിവരുടെ പേരുകളാണ് നേതൃത്വത്തിന് മുന്നിലുള്ളത്.

ജില്ലാ സെക്രട്ടറി സജി ചെറിയാനെ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം. പി എസ് ശ്രീധരന്‍ പിള്ള തന്നെയാകും ബിജെപിയുടെ സ്ഥാനാര്‍ത്ഥി. സിപിഎം എംഎല്‍എ ആയിരുന്ന കെ കെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Similar Posts