നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഈ മാസം 14ന് തുടങ്ങും
|ഈ മാസം 14ന് പ്രതികള്‍ കോടതിയില്‍ ഹാജരാകണം
കൊച്ചിയിൽ നടിയെ അക്രമിച്ച കേസിന്റെ വിചാരണ ഈ മാസം 14ന് ആരംഭിക്കും. കേസിൽ ദിലീപ് അടക്കമുള്ള മുഴുവൻ പ്രതികളും 14ന് ഹാജരാകണം. വിചാരണ ആരംഭിക്കുന്ന ദിവസം ഹാജരാവണമെന്ന് കാട്ടി മുഴുവന്‍ പ്രതികള്‍ക്കും ഉടൻ സമൻസ് അയക്കും.
തൃശൂരിൽ നിന്നും കൊച്ചിയിലേക്കുള്ള കാർ യാത്രയ്ക്കിടെയാണ് ഓടിക്കൊണ്ടിരുന്ന കാറിനകത്ത് വച്ച് യുവനടി ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 10ന് കേസില്‍ നിര്‍ണായക വഴിത്തിരിവൊരുക്കിയാണ് ദിലീപ് അറസ്റ്റിലായതും 85 ദിവസം ജയില്‍വാസം അനുഭവിച്ചതും. എന്നാല്‍ സുപ്രധാനമായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് നാളുകള്‍ പിന്നിട്ടിട്ടും വിചാരണ വൈകുന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ നിരവധി സ്ത്രീകൾ സാക്ഷികളായും അല്ലാതെയും ഉൾപ്പെട്ടിരിക്കുന്ന കേസായതിനാല്‍ വിചാരണ നടത്തുന്നത് വനിതാ ജഡ്ജിയാകണമെന്ന ആവശ്യം വാദിഭാഗം ഉന്നയിച്ചേക്കും. സമാനമായ പല കേസുകളിലും മുന്‍പ് വനിതാ ജഡ്ജിമാരെ വിചാരണയ്ക്ക് നിയോഗിച്ചിട്ടുണ്ട്.
എറണാകുളത്തെ ഏഴ് സെഷൻസ് കോടതികളിൽ രണ്ടിടത്താണ് വനിതാ ജഡ്ജിമാരുള്ളത്. വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക കോടതിയേയോ വനിതാ ജഡ്ജിയേയോ അനുവദിക്കേണ്ടത് ഹൈകോടതിയാണ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് നിലവിൽ കേസുള്ളത്. ഈ കോടതിയില്‍ തന്നെ വിചാരണ നടക്കാനാണ് സാധ്യത. അങ്കമാലി കോടതിയിൽ ദിലീപ് അടക്കമുള്ള പ്രതികൾ വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള ഹരജികള്‍ നല്‍കിയതാണ് വിചാരണ വൈകാന്‍ ഇടയാക്കിയത്.