ചെങ്ങന്നൂരില്‍ തറക്കല്ലിടല്‍ മാമാങ്കങ്ങള്‍ നടത്തുന്നുവെന്ന ആരോപണവുമായി യുഡിഎഫ്
|സര്‍ക്കാര്‍ മാനദണ്ഡങ്ങളും പൊതുമരാമത്ത് മാനുവലും കാറ്റില്‍ പറത്തിയാണ് ചെങ്ങന്നൂരില്‍ ഇപ്പോള്‍ മന്ത്രിമാര്‍ വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിടുന്നതെന്നാണ് യുഡിഎഫിന്റെ ആരോപണം.
ചെങ്ങന്നൂരില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി എല്‍ഡിഎഫ് തറക്കല്ലിടല്‍ മാമാങ്കങ്ങള്‍ നടത്തുന്നുവെന്ന ആരോപണവുമായി യുഡിഎഫ്. ഭരണാനുമതി പോലും ലഭിക്കാത്ത പദ്ധതികള്‍ക്കാണ് മന്ത്രിമാര്‍ തറക്കല്ലിടുന്നതെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. ചട്ടങ്ങള്‍ പാലിക്കാതെയുള്ള ഇത്തരം പരിപാടികളില്‍ നിന്ന് സര്‍ക്കാരുദ്യോഗസ്ഥര്‍ വിട്ടു നില്‍ക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ മാനദണ്ഡങ്ങളും പൊതുമരാമത്ത് മാനുവലും കാറ്റില്‍ പറത്തിയാണ് ചെങ്ങന്നൂരില്‍ ഇപ്പോള്‍ മന്ത്രിമാര്‍ വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിടുന്നതെന്നാണ് യുഡിഎഫിന്റെ ആരോപണം. കഴിഞ്ഞ ദിവസങ്ങളില്‍ തറക്കല്ലിട്ട രണ്ടു പദ്ധതികള്‍ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിരുന്നെങ്കിലും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയോ ഏതെങ്കിലും കരാറുകാര്‍ ഏറ്റെടുക്കുയോ ചെയ്തിട്ടില്ല. ഇതൊന്നുമില്ലാതെയാണ് 25 കോടിയുടെ വരുവാടിക്കടവ് പാലത്തിനും 12 കോടിയുടെ കൈപ്പാലക്കടവ് പാലത്തിനും തറക്കല്ലിട്ടത്.
ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഈ പദ്ധതികള്‍ക്ക് എതിരല്ലെന്നും ചട്ടങ്ങള്‍ ലംഘിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തുന്ന നീക്കങ്ങളെയാണ് എതിര്‍ക്കുന്നതെന്നുമാണ് യുഡിഎഫിന്റെ വാദം.