പൊന്തന്‍പുഴയ്ക്ക് പിന്നാലെ ചെറുവള്ളിയിലും സര്‍ക്കാര്‍ ഒത്തുകളി
|എസ്റ്റേറ്റ് വനഭൂമിയാണെന്ന ആദ്യ നിലപാട് മുഖ്യമന്ത്രി തിരുത്തി; ഹാരിസണിന്റെതാണ് ഭൂമിയെന്ന് വിശദീകരണം
പൊന്തന്‍പുഴ കേസിന് പിന്നാലെ ചെറുവള്ളി എസ്റ്റേറ്റ് കേസിലും സര്‍ക്കാര്‍ ഒത്തുകളിക്കുന്നതായി ആരോപണം. നിയമസഭയില്‍ നല്കിയ മറുപടിയില്‍ ചെറുവള്ളി എസ്റ്റേറ്റ് വനഭൂമിയാണെന്ന് ആദ്യം പറഞ്ഞ മുഖ്യമന്ത്രി പിന്നീട് ഇത് ഹാരിസണിന്റേതാണെന്ന് തിരുത്തി പറഞ്ഞതാണ് സംശയത്തിന് ഇടയാക്കിയിരിക്കുന്നത്. ചെറുവള്ളി കേസില്‍ വാദം പൂര്‍ത്തിയായി അന്തിമവിധി വരാനിരിക്കെ മുഖ്യമന്ത്രിയുടെ ഈ നിലപാട് മാറ്റം പുതിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.
2017 ആഗസ്ത് 7ന് നിയമസഭയില്‍ ശബരി വിമാനത്താവളവുമായി ബന്ധപ്പെട്ട ചോദ്യത്തിന് നല്കിയ മറുപടിയില്‍ സെറ്റില്‍മെന്റ് രജിസ്റ്റര്‍ പ്രകാരം വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ മാസം 7 തിയതി നിയമസഭയില്‍ നല്കിയ മറുപടിയില്‍ വിമാനത്താവളത്തിനായ് ഹാരിസണ്‍ പ്ലാന്റേഷന്റെ സ്ഥലമായ ചെറുവള്ളി ഏറ്റെടുക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. അതായത് സര്‍ക്കാര്‍ ഭൂമിയെന്ന് പറഞ്ഞത് മുഖ്യമന്ത്രി തിരുത്തി പറഞ്ഞിരിക്കുന്നു. ഇതാണ് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്.
ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട കേസില്‍ അന്തിമ വിധി വരാനിരിക്കെ മുഖ്യമന്ത്രി നടത്തിയ ഈ നിലപാട് മാറ്റത്തെ സംശയത്തോടെയാണ് നോക്കി കാണുന്നത്. പൊന്തന്‍പുഴ വനഭൂമിയോട് ചേര്‍ന്ന് ഒരു സ്വകാര്യ ഗ്രാനൈറ്റ് യൂണിറ്റിന് പ്രവര്‍ത്തിക്കാനുള്ള അനുമതി കഴിഞ്ഞ ദിവസം ലഭിച്ചതും ചില സംശയങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. വനഭൂമിയാണെന്ന് കാട്ടി നേരത്തെ ഈ ഗ്രാനൈറ്റ് യൂണിറ്റിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചിരുന്നു.