ചെങ്ങന്നൂരിന് വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍
|ശബരിമല ഇടത്താവളമായ ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിന് 10 കോടി രൂപയുടെ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിനായി 20 കോടിയുടെ പദ്ധതി കേന്ദ്രവും പ്രഖ്യാപിച്ചു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരിലേക്ക് വമ്പന്‍ പദ്ധതികളുടെ പ്രവാഹം. ശബരിമല ഇടത്താവളമായ ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിന് 10 കോടി രൂപയുടെ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. തൊട്ട് പിന്നാലെ ശബരിമല തീര്‍ത്ഥാടകര്‍ ധാരാളമായെത്തുന്ന ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിനായി 20 കോടിയുടെ പദ്ധതി കേന്ദ്ര സര്‍ക്കാരും പ്രഖ്യാപിച്ചു.
മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായര്‍ നിര്‍ദ്ദേശിച്ചതും ഇതിന്‍ പ്രകാരം നേരത്തെ പദ്ധതി തയ്യാറാക്കിയതും എന്ന മുഖവുരയോടെയാണ് ചെങ്ങന്നൂര്‍ ക്ഷേത്ര നവീകരണത്തെ എല്‍ഡിഎഫ് അവതരിപ്പിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഫണ്ടില്‍ നിന്നും 1.63 കോടി രൂപയുടെ പദ്ധതി ആദ്യ ഘട്ടത്തില്‍ നടത്തും. പൊതുമേഖല എണ്ണകമ്പനിക്ക് ക്ഷേത്ര പരിസരത്തെ സ്ഥലം ലീസിന് നല്‍കുന്നത് വഴി 8.63 കോടി രൂപയുടെ പദ്ധതികള്‍ തൊട്ട് പിന്നാലെ വരും. കിഫ്ബി വഴി 8 കോടി രൂപയുടെ പദ്ധതികള്‍ രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കും.
പുസ്തക പ്രകാശനത്തിനായി ഡല്‍ഹിയിലെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി എസ് ശ്രീധരന്‍പിളളയുടെ അഭ്യര്‍ത്ഥന പ്രകാരം ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ വികസനത്തിനായി പ്രധാനമന്ത്രി 20 കോടി രൂപ അനുവദിച്ചെന്നാണ് ബിജെപിയുടെ പ്രചാരണം. നേരത്തെ തന്നെ ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പദ്ധതി നിര്‍ദേശം നല്‍കിയിരുന്നു. വികസനം മുഖ്യ ചര്‍ച്ചാ വിഷയമാകുന്ന തെരഞ്ഞെടുപ്പില്‍ വമ്പന്‍ പദ്ധതി പ്രഖ്യാപനങ്ങള്‍ വോട്ട് കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. പ്രഖ്യാപനത്തിനപ്പുറം പദ്ധതി പ്രാവര്‍ത്തികമാകുമോ എന്ന കാത്തിരിപ്പിലാണ് വോട്ടര്‍മാര്‍.