തോല്‍വിയെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ ആത്മഹത്യ; എസ്എഫ്‌ഐ സ്‌കൂള്‍ അടിച്ചു തകര്‍ത്തു
|ഒന്‍പതാം ക്ലാസ് പരീക്ഷ തോറ്റതിനെ തുടര്‍ന്ന് മറ്റൊരു സ്‌കൂളില്‍ ചേരാന്‍ കുട്ടിയോട് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടതാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആരോപണം
കോട്ടയം പാമ്പാടിയിലെ റെഡ് റോഡ്‌സ് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സ്‌കൂളിന്റെ ജനല്‍ ചില്ലകളും മറ്റും പ്രതിഷേധക്കാര്‍ അടിച്ച് തകര്‍ത്തു. സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. അതേസമയം കുട്ടിയ്‌ക്കെതിരെ നടപടിയൊന്നും എടുത്തിരുന്നില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.
വാഴൂര്‍ പുളിക്കല്‍ സ്വദേശി ഈപ്പന്‍ വര്‍ഗ്ഗീസിന്റെ മകന്‍ ബിന്റോ ഈപ്പന്‍ ഇന്നലെ വൈകുന്നേരമാണ് ആത്മാഹത്യ ചെയ്തത്. സ്‌കൂള്‍ അധികൃതരുടെ മാനസ്സിക പീഡനം മൂലമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സ്‌കൂളിന്റെ മുന്‍ ഗെയ്റ്റില്‍ പൊലീസ് കനത്ത സുരക്ഷ എങ്കിലും പൊലീസിന് കണ്ണുവെട്ടിച്ച് പ്രവര്‍ത്തകര്‍ പിന്‍ഗേറ്റു വഴി സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് ഇരച്ചു കയറി. സ്‌കൂള്‍ തല്ലി തകര്‍ത്തു. പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു.
ഒമ്പതാം ക്ലാസില്‍ നിന്നും പത്താം ക്ലാസിലേക്ക് ജയിപ്പിക്കില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പരാതി. അതേ സമയം ആരോപണം സ്‌കൂള്‍ മാനേജ്‌മെന്റ് നിഷേധിച്ചു. ബിന്റോയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.