റേഡിയോ ജോക്കിയുടെ കൊലപാതകം: മുഖ്യപ്രതി അലിഭായ് കുറ്റം സമ്മതിച്ചു
|വിമാനത്താവളത്തില്‍ വെച്ചാണ് പൊലീസ് അലിഭായിയെ കസ്റ്റഡിയിലെടുത്തത്.
മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അലിഭായ് കുറ്റം സമ്മതിച്ചു. സുഹൃത്ത് സത്താറിന്റെ നിര്‍ദേശ പ്രകാരമാണ് കൊല നടത്തിയതെന്നാണ് കുറ്റസമ്മതം. രാജേഷും സത്താറിന്റെ ഭാര്യയും തമ്മിലുള്ള ബന്ധമാണ് കൊലയ്ക്ക് കാരണമെന്നും അലിഭായി പൊലീസിനോട് പറഞ്ഞു. അലിഭായിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് അന്വേഷണ സംഘം ഇന്ന് രാവിലെ അലിഭായിയെ കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടത്തിയതിന് ശേഷം കാഠ്മണ്ഡു വഴി ഖത്തറിലേക്ക് കടന്ന സ്വാലിഹ് ബിന്‍ ജലാലെന്ന അലിഭായിയെ പോലീസിന്റെ വിദഗ്ധ നീക്കത്തിലാണ് നാട്ടിലെത്തിക്കാനായത്. ഇന്റര്‍പോളിന്റെ സഹായം തേടിയതിനൊപ്പം സ്പോണ്‍സറെ കണ്ടുപിടിച്ച് വിസ റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നുള്ള സൂചനകളും ഉണ്ടായിരുന്നു. ഇതോടെയാണ് അലിഭായ് കീഴടങ്ങാനെത്തിയത്.
രാവിലെ 9.15ന് ജെറ്റ് എയര്‍വേയ്സിലെത്തിയ പ്രതിയെ വിമാനത്തിനകത്ത് കയറി പൊലീസ് കസ്റ്റഡിയിലെടുത്തു. നടപടിക്രമങ്ങള്‍ക്ക് ശേഷം പുറത്തിറക്കിയ അലിഭായിയെ ആറ്റിങ്ങല്‍ ഡിവൈഎസ്പി ഓഫീസിലേക്ക് കൊണ്ടുപോയി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് പ്രതികളെ കൂടി ഇനി പിടികൂടാനുണ്ട്.