ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് തുക ലഭിക്കുന്നില്ലെന്ന് പരാതി
|സ്കോളര്‍ഷിപ്പ് തുക മുഴുവന്‍ നല്കാന് ഇടപ്പെടണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനെയും ബാലാവകാശ കമ്മീഷനെയും സമീപിച്ചിരിക്കുകയാണ്
ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് തുക മുഴുവനായും നല്‍കുന്നില്ലെന്ന് ആരോപണം. ഒരു വര്‍ഷം തദ്ദേശസ്ഥാപനം ഭിന്നശേഷിക്കാര്‍ക്കായി നല്‍കേണ്ടത് 28500 രൂപയാണ്. എന്നാല്‍ പല തദ്ദേശസ്ഥാപനങ്ങളും ഇതിന്റെ പകുതി തുക പോലും നല്‍കുന്നില്ല. സ്കോളര്‍ഷിപ്പ് തുക മുഴുവന്‍ നല്കാന് ഇടപ്പെടണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനെയും ബാലാവകാശ കമ്മീഷനെയും സമീപിച്ചിരിക്കുകയാണ് കോഴിക്കോട് കുന്ദമംഗലം പഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍.
ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ വര്‍ഷം 28500 രൂപ നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. 10000നായിരം രൂപ പ്രതിമാസ സ്കോളര്‍ഷിപ്പ്, വസ്ത്രങ്ങള്‍ക്കുള്ള വാര്‍ഷിക ബത്തയായി 1500 രൂപ, പഠനസാമഗ്രികള്‍ വാങ്ങാന്‍ 2000, യാത്രാബത്ത 1000 രൂപ, യാത്രകള്‍ക്കായി രക്ഷിതാക്കളില്‍ ഒരാള്‍ക്ക് 1000 രൂപ എന്നിങ്ങനെ വകയിരുത്തിയാണ് ഈ തുക നല്‍കേണ്ടത്. എന്നാല്‍ പല തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും ഈ തുക ലഭിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു.
ഓരോ പഞ്ചായത്തിലും 100ലധികം ഭിന്നശേഷിക്കാര്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ രേഖ. പദ്ധതിതുകയുടെ അഞ്ച് ശതമാനം ഭിന്നശേഷിക്കാര്‍ക്കായി മാറ്റിവെയ്ക്കണം. പഞ്ചായത്തുകള്‍ ഈ തുക മാറ്റിവെയ്ക്കാറുണ്ടെങ്കിലും അത് വകമാറ്റി ചെലവഴിക്കുകയാണെന്നും ആരോപണമുണ്ട്.
ഭിന്നശേഷിക്കാരായവരുടെ വിദ്യാഭ്യാസത്തിനും ചികിത്സക്കും മറ്റുമുള്ള ഏക ആശ്വാസമാണ് രക്ഷിതാക്കള്‍ക്ക് വര്‍ഷത്തില്‍ ലഭിക്കുന്ന ഈ തുക. തുക ലഭിക്കാതിരിക്കുമ്പോള്‍ ബുദ്ധിമുട്ടുകയാണ് രക്ഷിതാക്കള്‍.