ആഗോള സുറിയാനി സഭയുടെ അധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിദിയൻ കൊച്ചിയിലെത്തി
|മൂന്ന് ദിവസമാണ് സന്ദർശനം
ആഗോള സുറിയാനി സഭയുടെ അധ്യക്ഷന്‍, അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസ്, ഇഗ്നാത്തിയോസ് അപ്രം ദ്വീദിയന്‍ ബാവ അഞ്ച് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തി. മലങ്കരയിലെ സമാധാന ശ്രമങ്ങള്‍ തുടരുമെന്ന് ബാവ പ്രതികരിച്ചു. സഭാധിപനായി ചുമതലയേറ്റ ശേഷം ബാവയുടെ രണ്ടാമത്തെ മലങ്കര സന്ദര്‍ശനമാണിത്.
സുപ്രിം കോടതി വിധിയോടെ സഭാതര്‍ക്കം നിര്‍ണായക വഴിത്തിരിവിലെത്തിയ സാഹചര്യത്തില്‍ യാക്കോബായ-ഓര്‍ത്തഡോക്സ് സഭകള്‍ തമ്മില്‍ സമവായ ചര്‍ച്ചകള്‍ ലക്ഷ്യം വെച്ചാണ് ഇഗ്നാത്തിയോസ് അപ്രേം ബാവയുടെ മലങ്കര സന്ദര്‍ശനം. രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പാത്രിയാര്‍ക്കീസ് ബാവയെ യാക്കോബായ സഭാ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയടക്കമുള്ള മെത്രാന്മാരും വിശ്വാസികളുടെ പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. സമാധാനശ്രമങ്ങള്‍ തുടരുമെന്നും ഭാവി നീക്കങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ബാവ പ്രതികരിച്ചു
ചര്‍ച്ചകള്‍ക്ക് താല്‍പര്യം അറിയിച്ച് ഓര്‍ത്തഡോക്സ് കാതോലിക്ക ബസേലിയോസ് മാര്‍ത്തോമ്മ പൌലോസ് ദ്വീദീയന് പാത്രിയാര്‍ക്കിസ് ബാവ നേരത്തെ കത്തയച്ചിരുന്നു. ഇന്ന് മൂന്ന് മണിക്ക് പുത്തന്‍കുരിശ്ശില്‍ നടക്കുന്ന യാക്കോബായ സഭാ സിനഡില്‍ ബാവ പങ്കെടുക്കും. തുടര്‍ന്ന് സഭാതര്‍ക്കങ്ങള്‍ സംബന്ധിച്ച തുടര്‍ തീരുമാനങ്ങള്‍ വിശദീകരിക്കും. വൈകിട്ട് തിരുവനന്തപുരത്തേക്ക് തിരിക്കുന്ന ബാവ നാളെ രാവിലെ എട്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായാണ് ബാവയുടെ മലങ്കര സന്ദര്‍ശനം, മഞ്ഞനിക്കര, മലേക്കുരിശ്ശ് ദയറ, പുത്തന്‍കുരിശ്ശ് എന്നിവിടങ്ങളിലെ പ്രാര്‍ത്ഥന ചടങ്ങുകളിലും ബാവ പങ്കെടുക്കും. മറ്റന്നാള്‍ ബാവ ഡല്‍ഹിക്ക് പോവും. പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവരുമായി കൂടിക്കാഴ്ചയ്ക്കും ശ്രമമുണ്ട്. 26നാകും ബാവ സന്ദര്‍ശനമവസാനിപ്പിച്ച് മടങ്ങുക.