Kerala
കാന്തപുരത്തിന് ബിജെപിയുമായി ദൃഢബന്ധമെന്ന് മുസ‍്‍ലിം ലീഗ്കാന്തപുരത്തിന് ബിജെപിയുമായി ദൃഢബന്ധമെന്ന് മുസ‍്‍ലിം ലീഗ്
Kerala

കാന്തപുരത്തിന് ബിജെപിയുമായി ദൃഢബന്ധമെന്ന് മുസ‍്‍ലിം ലീഗ്

admin
|
31 May 2018 10:06 PM GMT

കാന്തപുരം സംഘപരിവാറിലേക്ക് ആളെക്കൂട്ടുന്ന കള്ളക്കൌശലക്കാരനാണെന്ന് കെപിഎ മജീദ്

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ ലേഖനം. കാന്തപുരത്തിന് ബിജെപിയുമായി ദൃഢബന്ധമുണ്ടെന്നും സംഘപരിവാറിനെതിരെ മുസ്ലിം സമുദായത്തിലുള്ള പ്രതിഷേധത്തെ ഭിന്നിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുവെന്നും ലേഖനം ആരോപിക്കുന്നു. സമുദായത്തിലെ ഭിന്നതകള്‍ ഊതിവീര്‍പ്പിച്ച് സംഘപരിവാര്‍ പാളയത്തിലേക്ക് ആളെക്കൂട്ടുന്ന കാന്തപുരം കള്ളക്കൌശലക്കാരനാണെന്നും ലേഖനത്തിലുണ്ട്.

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും സംഘപരിവാറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ലേഖനത്തില്‍ വിശദീകരിക്കുന്നത്.
മഞ്ചേശ്വരത്ത് ബിജെപിക്ക് വോട്ടുനല്‍കി മുസ്ലിംകളെയും മതേതര വിശ്വാസികളെയും കാന്തപുരം വഞ്ചിച്ചെന്ന് ലേഖനം പറയുന്നു. നരേന്ദ്രമോദിയെ അംഗീകരിച്ച ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പണ്ഡിതനാണ് കാന്തപുരം.

ബിജെപിക്കെതിരെ മുസ്ലിംകളില്‍ നിലനില്‍ക്കുന്ന പ്രതിഷേധത്തെ ഭിന്നിപ്പിക്കാന്‍ സംഘപരിവാര്‍ സംഘടിപ്പിച്ച സൂഫീ സമ്മേളനത്തിന്റെ നേതൃനിരയില്‍ കാന്തപുരം നിലകൊണ്ടു. മുഖ്യധാരാ മുസ്ലിം സംഘടനകളെ ഭീകരവാദ പ്രയോക്താക്കളായാണ് ഈ സൂഫീ സമ്മേളനം ചിത്രീകരിച്ചത്. ഗുജറാത്തില്‍ പോലും സമ്മേളനം നടത്താന്‍ അനുമതി സംഘടിപ്പിച്ച കാന്തപുരത്തിന് ബിജെപിയുമായി ദൃഢബന്ധമുണ്ടെന്നും ലേഖനം ആരോപിക്കുന്നു.

മോദിയെ വാഴ്ത്തുന്നതിന് പകരമായി കാന്തപുരത്തിന് ബിജെപി സര്‍ക്കാര്‍ ദേശീയപുരസ്കാരം പോലും നല്‍കിയേക്കാം. നരേന്ദ്രമോദി വഴി മര്‍ക്കസിന് 5 കോടി ലഭിച്ചെന്ന ആരോപണം കാന്തപുരം ഇതുവരെ നിഷേധിച്ചിട്ടില്ല. ഡല്‍ഹി കേന്ദ്രീകരിച്ച് കാന്തപുരം നടത്തുന്ന ഗൂഢാലോചനകള്‍ മതനിരപേക്ഷവാദികള്‍ക്ക് ഭീതിയോടെ മാത്രമേ കാണാനാകൂ.

ഫാഷിസ്റ്റുകളുമായുള്ള വഴിവിട്ട ബന്ധം സമൂഹം തിരിച്ചറിഞ്ഞെന്ന് കാന്തപുരവും താമരസുന്നികളും മനസ്സിലാക്കണം. കള്ളക്കൌശലക്കാരനായ കാന്തപുരത്തിന്റെ സമുദായ വിരുദ്ധ അജണ്ടകളെ എതിര്‍ക്കാതിരിക്കാന്‍ മുസ്ലിം ലീഗിന് ആവില്ലെന്ന് വ്യക്തമാക്കിയാണ് കെപിഎ മജീദിന്റെ ലേഖനം അവസാനിപ്പിക്കുന്നത്. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിരുദ്ധ നിലപാടെടുത്ത കാന്തപുരത്തെ തുറന്നെതിര്‍ക്കാനുള്ള മുസ്ലിം ലീഗ് തീരുമാനത്തിന്റെ ഭാഗമാണ് കെപിഎ മജീദിന്റെ ലേഖനം.

Similar Posts