Kerala
കൊച്ചിയില്‍ വെള്ളക്കെട്ട്; കോര്‍പ്പറേഷനും കെഎംആര്‍എല്ലും തമ്മില്‍ ഭിന്നതകൊച്ചിയില്‍ വെള്ളക്കെട്ട്; കോര്‍പ്പറേഷനും കെഎംആര്‍എല്ലും തമ്മില്‍ ഭിന്നത
Kerala

കൊച്ചിയില്‍ വെള്ളക്കെട്ട്; കോര്‍പ്പറേഷനും കെഎംആര്‍എല്ലും തമ്മില്‍ ഭിന്നത

admin
|
31 May 2018 1:18 AM GMT

കൊച്ചി നഗരത്തില്‍ നിരത്തുകളിലെ വെള്ളക്കെട്ടിനെ ചൊല്ലി കൊച്ചി കോര്‍പ്പറേഷനും കെഎംആര്‍എല്ലും തമ്മില്‍ ഭിന്നത.

കൊച്ചി നഗരത്തില്‍ നിരത്തുകളിലെ വെള്ളക്കെട്ടിനെ ചൊല്ലി കൊച്ചി കോര്‍പ്പറേഷനും കെഎംആര്‍എല്ലും തമ്മില്‍ ഭിന്നത. മഴക്കാലത്തിന് മുമ്പ് ഓടകളും മറ്റ് ജല നിര്‍ഗ്ഗമന മാര്‍ഗ്ഗങ്ങളും വൃത്തിയാക്കുന്നതില്‍ കെഎംആര്‍എല്‍ വീഴ്ച വരുത്തിയെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ ആരോപിക്കുന്നു. അതേസമയം, മെട്രോയുടെ പൈലിംഗ് ജോലികള്‍ പൂര്‍ത്തിയായതിനാല്‍ ഓടകള്‍ വൃത്തിയാക്കുന്നത് തങ്ങളുടെ ചുമതലയല്ലെന്നാണ് കെഎംആര്‍എല്ലിന്റെ വാദം.

മഴ തുടങ്ങിയ ശേഷം കൊച്ചിയിലെ നഗരവീഥികളില്‍ വെള്ളക്കെട്ടും ഗതാഗതകുരുക്കും അപകടങ്ങളും പതിവായതോടെയാണ് പരസ്പരം പഴി ചാരി കൊച്ചി കോര്‍പ്പറേഷനും കൊച്ചി മെട്രോ റെയില്‍ അധികൃതരും രംഗത്ത് എത്തിയത്. മെട്രോ നിര്‍മാണം മൂലം നഗരത്തിലെ പല ജലനിര്‍ഗമന മാര്‍‌ഗ്ഗങ്ങളും അടഞ്ഞുവെന്നും ഇത് നീക്കം ചെയ്യേണ്ട ഉത്തരവാദിത്വം കെഎംആര്‍എല്ലിന് ഉണ്ടെന്നും കോര്‍പ്പറേഷന്‌ അധികൃതര്‍ പറയുന്നു. പല സ്ഥലങ്ങളിലും ഓടകള്‍ കോണ്‍ക്രീറ്റും നിര്‍മാണ അവശിഷ്ടങ്ങളും കൊണ്ട് അടഞ്ഞ നിലയിലാണ്. വെള്ളക്കെട്ട് പരിഹരിക്കാന്‍ വിവിധ സ്ക്വാഡുകള്‍ രൂപീകരിച്ച് ഓടകള്‍ വൃത്തിയാക്കുന്നതിനുള്ള നടപടി കോര്‍പ്പറേഷന്‍ അധികൃതര്‍ ആരംഭിച്ചു.

മുന്‍ വര്‍ഷങ്ങളില്‍ റോഡുകളില്‍ പൈലിംഗ് ജോലി നടന്നിരുന്നതിനാലാണ് ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ഏറ്റെടുത്തിരുന്നതെന്നാണ് കെഎംആര്‍എല്ലിന്റെ വാദം. ഇത്തവണ മഴക്കാല പൂര്‍വ പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ട ഉത്തരവാദിത്വം കോര്‍പ്പറേഷനാണെന്നും അവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിന് ഡിഎംആര്‍‌സിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെഎംആര്‍എല്‍ വൃക്തമാക്കി. അതേസമയം, കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍‌ മൂലമുള്ള പ്രശ്നങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മേയര്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്.

Similar Posts