ഡിഎന്‍എ അമീറിന്റേത് തന്നെയെന്ന് വീണ്ടും സ്ഥിരീകരിച്ചു
|ജിഷയുടെ വസ്ത്രത്തില്‍ നിന്ന് ലഭിച്ച ഉമിനീര് അമീറുല്‍ ഇസ്ലാമിന്റേത് തന്നെയാണെന്ന് ഡിഎന്‍എ പരിശോധനയില്‍ വീണ്ടും സ്ഥിരീകരിച്ചു.
ജിഷയുടെ വസ്ത്രത്തില്‍ നിന്ന് ലഭിച്ച ഉമിനീര് അമീറുല്‍ ഇസ്ലാമിന്റേത് തന്നെയാണെന്ന് ഡിഎന്‍എ പരിശോധനയില്‍ വീണ്ടും സ്ഥിരീകരിച്ചു. കോടതിയുടെ അനുമതിയോടെയാണ് അന്വേഷണ സംഘം ജിഷയുടെ വസ്ത്രം വീണ്ടും പരിശോധനക്കയച്ചത്. റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി.
അമീറുല്‍ ഇസ്ലാമിനെ കസ്റ്റഡിയില്‍ എടുത്ത സമയത്ത് തന്നെ ജിഷയുടെ വസ്ത്രത്തില്‍ കണ്ട ഉമനീര്‍ അമീറിന്റേതാണെന്ന് ഡിഎന്‍എ പരിശോധന നടത്തി അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. പിന്നീട് ജിഷയുടെ വീട്ടില്‍ നിന്ന് ലഭിച്ച മുടിയും ചെരുപ്പില്‍ നിന്നും വാതിലില്‍ നിന്നും ലഭിച്ച രക്ത സാമ്പിളുകളും പരിശോധനക്കയച്ച് അമീറിന്റേതാണെന്ന് ഉറപ്പുവരുത്തി. ഇതിന് ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പുള്ള നടപടികള്‍ കോടതി തെളിവായി സ്വീകരിക്കാത്തത് കൊണ്ട് വീണ്ടും പരിശോധനക്കയക്കുകയായിരുന്നു.
തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ ജിഷയുടെ വസ്ത്രത്തില്‍ കണ്ട ഉമിനീര്‍ അമീറിന്റേതാണെന്ന് വീണ്ടും സ്ഥിരീകരിക്കുയാണുണ്ടായത്. റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി. അടുത്ത ദിവസം കോടതിയില്‍ സമര്‍പ്പിക്കും.
അതേസമയം അമീറുല്‍ ഇസ്ലാമിനെ മുന്‍പരിചയമില്ലെന്ന് ജിഷയുടെ അമ്മയും സഹോദരിയും മൊഴി നല്കി. ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ച അന്വേഷണ സംഘം പ്രതിയെ കാണിച്ചുവെങ്കിലും മുന്‍പ് കണ്ടിട്ടില്ലെന്നാണ് ഇവര്‍ പറഞ്ഞത്. പ്രതിയെ കൊലപാതകം നടന്ന വീട്ടിലും സമീപ പ്രദേശങ്ങളിലും എത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി.