അണിഞ്ഞൊരുങ്ങുന്നു കാരാപ്പുഴ
|നിര്‍മാണം മൈസൂരു വൃന്ദാവന്‍ മാതൃകയില്‍
കാരാപ്പുഴ അണക്കെട്ടിനോടു ചേര്‍ന്ന പ്രദേശങ്ങളില്‍ വിനോദ സഞ്ചാര പദ്ധതിയുടെ രണ്ടാം ഘട്ടം ഉടന്‍ പൂര്‍ത്തിയാവും. ജലസേചനത്തിനായി ആരംഭിച്ച പദ്ധതി ഉപകാരപ്രദമാകാത്ത സാഹചര്യത്തിലാണ് വിനോദസഞ്ചാര പ്രവര്‍ത്തികള്‍ തുടങ്ങിയത്. മൈസൂരുവിലെ വൃന്ദാവന്‍ മാതൃകയില്‍ കാരാപ്പുഴയെ മാറ്റിയെടുക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്.
അണക്കെട്ടിനോടു ചേര്‍ന്ന നാലര ഹെക്ടര്‍ സ്ഥലം. ഇവിടെ പുല്‍ത്തകിടിയും റോസ് ഗാര്‍ഡനും. കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ നൂറ് കോടി രൂപയുടെ പദ്ധതിയാണ് കാരാപ്പുഴയുടെ മുഖം മിനുക്കാന്‍ നടപ്പാക്കുന്നത്. പുല്‍ത്തകിടികള്‍ വച്ചു പിടിപ്പിയ്ക്കുന്ന പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണ്. റോസ് ഗാര്‍ഡനില്‍ വിവിധ ഇനത്തിലുള്ള പൂക്കളും നട്ടുവരുന്നു.
ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, ഓപ്പണ്‍ തിയറ്റര്‍, നടപ്പാത, പാര്‍ക്കിങ് ഏരിയ, ലാന്‍ഡ് സ്കേപ്പിങ്, മ്യൂസിക്കല്‍ ഫൌണ്ട്യന്, ചില്‍ഡ്രന്‍സ് അമ്യൂസ്മെന്റ് പാര്‍ക്ക് തുടങ്ങിയ നിരവധി സംവിധാനങ്ങളാണ് കാരാപ്പുഴയില്‍ വിനോദ സഞ്ചാരികള്‍ക്കായി ഒരുങ്ങുന്നത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് കോര്‍പറേഷനാണ് പ്രവൃത്തികള്‍ നടത്തുന്നത്. പദ്ധതി പൂര്‍ത്തിയാവുന്നതോടെ, വയനാട്ടിലെ വിനോദ സഞ്ചാരത്തിന്റെ പ്രധാന ഘടകമായി കാരാപ്പുഴ മാറും.