കാലടി സംസ്കൃത സര്‍വകലാശാലക്ക് മുമ്പില്‍ ശങ്കരാചാര്യരുടെ പ്രതിമ സ്ഥാപിക്കുന്നതില്‍ പ്രതിഷേധം
|കാമ്പസിനെ ഹൈന്ദവവത്കരിക്കാന്‍ ശ്രമമെന്ന് ആരോപണം
കാലടി സംസ്കൃത സര്‍വകലാശാലക്ക് മുമ്പില്‍ ശങ്കരാചാര്യരുടെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. കാമ്പസിനെ കാവിവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതാണെന്നാണ് ഇടത് വിദ്യാര്‍ഥി സംഘടനകളുടെയും അധ്യാപകരുടെയും ആരോപണം.
എന്നാല്‍ സര്‍വകലാശാലയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാനാണ് ശ്രമിക്കുന്നതെന്നാണ് വിസി ഉള്‍പ്പെടെയുള്ള അധികൃതരുടെ വാദം.
ജവഹര്‍ലാല്‍ നെഹ്റു, ഹൈദരാബാദ്, അലീഗഢ് സര്‍വകലാശാലകള്‍ക്ക് സമാനമായി കേരളത്തിലെ കാമ്പസുകളെയും കാവിവത്കരിക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ശ്രീ ശങ്കരാചാര്യരുടെ പ്രതിമ സര്‍വകലാശാല ഗേറ്റിന് മുമ്പില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്നാണ് വിദ്യാര്‍ഥി സംഘടനകളുടെയും അധ്യാപകരുടെയും ആരോപണം. സര്‍വകലാശാലയുടെ മതേതര മുഖമില്ലാതാക്കാനുള്ള ശ്രമമാണിത്. ഗൂഢലക്ഷ്യത്തോടെയുള്ള ഇത്തരമൊരു നീക്കം അനുവദിക്കാനാകില്ല. നാലര ലക്ഷം രൂപ മുടക്കി ശങ്കരാചാര്യരുടെ പ്രതിമ നിര്‍മിക്കുന്ന അധികൃതര്‍ കാമ്പസിലെ അടിസ്ഥാന സൌകര്യവികസനത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന പരാതിയുമുണ്ട്.
എന്നാല്‍ പ്രതിമ സ്ഥാപിക്കുന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്നാണ് സര്‍വകലാശാല അധികൃതരുടെ പക്ഷം.പ്രതിമ സ്ഥാപിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് വിസിക്കുള്ളത്. വിദ്യാര്‍ഥികളെ മതത്തിന്‍റെ പേരില്‍ ഭിന്നിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കെതിരെ സമരപരിപാടികള്‍ ശക്തമാക്കാനാണ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും തീരുമാനം.