കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി പട്ടിക പ്രഖ്യാപിച്ചു
|കെപിസിസി പ്രസിഡണ്ട് ചെയര്‍മാനായുള്ള 21 അംഗ സമിതിയില്‍ എ ഐ ഗ്രൂപ്പുകള്‍ക്ക് തുല്യ പങ്കാളിത്വമാണ് ഉള്ളത്.
കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി പട്ടിക ഹൈക്കമാന്റ് പ്രഖ്യാപിച്ചു. കെപിസിസി പ്രസിഡണ്ട് വിഎം സുധീരന് ചെയര്‍മാനായുള്ള സമിതിയില്‍ 21 അംഗങ്ങളാണ് ഉള്ളത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമിതിയില്‍ അംഗങ്ങളാണ്.
ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും, കൂടിയാലോചനകള്‍ക്കും ശേഷമാണ് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയെ ഹൈക്കമാന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കെപിസിസി പ്രസിഡണ്ട് ചെയര്‍മാനായുള്ള 21 അംഗ സമിതിയില്‍ എ ഐ ഗ്രൂപ്പുകള്‍ക്ക് തുല്യ പങ്കാളിത്വമാണ് ഉള്ളത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പുറമേ എ ഗ്രൂപ്പില്‍ നിന്ന് എംഎം ഹസ്സന്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെസി ജോസഫ്, ബെന്നി ബെഹന്നാന്, പിസി വിഷ്ണുനാഥ് എന്നിവര്‍ സമിതിയില്‍ ഉണ്ട്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കൊപ്പം ഐ ഗ്രൂപ്പില്‍ നിന്ന് കെ മുരളീധരന്,കെ സുധാകരന്,കെസി വേണുഗോപാല്‍, എംഐ ഷാനവാസ്, വിഡി സതീശന്, എം ലിജു എന്നിവരും അംഗങ്ങളാണ്. ടിഎന്‍ പ്രതാപന് വിഎം സുധീരന്റെ നോമിനിയായി സമിതിയില്‍ ഇടം പിടിച്ചു. പിജെ കുര്യന്, പിസി ചാക്കോ, മുല്ലപ്പള്ളി രാമചന്ദ്രന്, കെവി തോമസ്, കൊടിക്കുന്നില്‍ സുരേഷ്, ഷാനിമോള്‍ ഉസ്മാന് എന്നിവര്‍ ഹൈക്കമാന്റ് നോമിനികളായാണ് സമിതി അംഗങ്ങളായത്.
കോണ്‍ഗ്രസിന്റെ സംഘടന പുനസ്സംഘടനക്ക് നേതൃത്വം കൊടുക്കുക എന്നതാണ് സമിതിയുടെ പ്രാഥമിക ഉത്തരവാദിത്വം. പുനസ്സംഘടന ഏതൊക്കെ തലങ്ങളിലും, ഘടകങ്ങളിലും വേണം എന്നിവ സംബന്ധിച്ചുള്ള അന്തിമ തീരുമാനം സമിതി കൈക്കൊള്ളും. കെപിസിസിയുടെ നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനുള്ള സമിതിയായും രാഷ്ട്രീയകാര്യ സമിതി വരും കാലങ്ങളില്‍ പ്രവര്‍ത്തിക്കും.