ഐഎസ് റിക്രൂട്ട്മെന്റ്: ഫേസ്ബുക്ക് അക്കൌണ്ടില്‍ വീണ്ടും പോസ്റ്റുകള്‍
|ഐഎസ് ബന്ധം ആരോപിച്ച് എന്‍ഐഎ കസ്റ്റഡിയിലെടുത്തവരെക്കുറിച്ചുള്ള എല്ലാവിവരങ്ങളും പുറത്തുപറയാനാകില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ...
ഐഎസ് റിക്രൂട്ട്മെന്റിന് ഉപയോഗിച്ചെന്ന് എന്‍ഐഎ പറയുന്ന ഫേസ്ബുക്ക് എക്കൌണ്ട് ഇപ്പോഴും സജീവം. വ്യക്തികള്‍ ഇല്ലാതായാലും ജിഹാദ് അവസാനിക്കില്ലെന്ന് സമീര്‍ അലി എന്ന പേരിലുള്ള ഈ എക്കൌണ്ടില്‍ പുതുതായി പോസ്റ്റ് ചെയ്ത സന്ദേശത്തിലുണ്ട്. ഈ അക്കൌണ്ട് നിയന്ത്രിക്കുന്നയാള് അറസ്റ്റിലായെന്നാണ് എന്‍ഐഎ കേന്ദ്രങ്ങള്‍ പറഞ്ഞിരുന്നത്.
കണ്ണൂര്‍ കനകമലയില്‍ അറസ്റ്റിലായ മന്‍ഷിദ് ആണ് സമീര്‍ അലി എന്ന ഫേസ്ബുക്ക് അക്കൌണ്ട് നിയന്ത്രിച്ചിരുന്നതെന്നാണ് എന്‍ഐഎ നല്‍കിയിരുന്ന വിവരം. കേരളത്തില്‍ ഐഎസ് റിക്രൂട്ട്മെന്റ് നടത്തിയിരുന്ന സമീര്‍ അലി എന്ന എക്കൌണ്ട് പക്ഷേ, മന്‍ഷിദ് എന്‍ഐഎ കസ്റ്റഡിയില്‍ കഴിയുന്പോഴും സജീവമാണ്. ചൊവ്വാഴ്ച പതിനൊന്ന് മണിക്ക് മുന്‍പുള്ള നാല് മണിക്കൂറിനിടയില്‍ മൂന്നു പോസ്റ്റുകളാണ് ഈ അക്കൌണ്ടില്‍ പ്രത്യക്ഷപ്പെട്ടത്.
ജിഹാദില്‍ ഉള്ള വ്യക്തികള്‍ കൊലചെയ്യപ്പെട്ടാലും ജിഹാദ് അവസാനിക്കില്ലെന്ന് ഒരു പോസ്റ്റില്‍ പറയുന്നു. ഒരാള്‍ ജിഹാദില്‍ നിന്ന് പിന്മാറിയാലും മറ്റുള്ളവര്‍ വഴി ജിഹാദ് മികച്ച രീതിയില്‍ മുന്നോട്ടു പോകുമെന്നും പോസ്റ്റിലുണ്ട്. ചില മുസ്ലിം സംഘടനകളുടെ പേര് സൂചിപ്പിച്ച് അവര്‍ ഇസ്ലാമിന്റഎ മര്‍മ്മങ്ങളെ തള്ളിക്കളഞ്ഞെന്ന് കുറ്റപ്പെടുത്തുന്നു. ദൈവ നിഷേധത്തെ പുല്‍കിയവരാണ് ഈ സംഘടനകളെന്നും ആക്ഷേപിക്കുന്നു. സമീര്‍ അലി എന്ന പേരിലുള്ള ഈ അക്കൌണ്ട് വിദേശത്തു നിന്നാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് എന്‍ഐഎയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വിശദീകരിച്ചു.
അതതേസമയം ഐഎസ് ബന്ധം ആരോപിച്ച് എന്‍ഐഎ കസ്റ്റഡിയിലെടുത്തവരെക്കുറിച്ചുള്ള എല്ലാവിവരങ്ങളും പുറത്തുപറയാനാകില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. കേന്ദ്രഏജന്‍സി കേരളത്തോട് സഹായം ചോദിച്ചിട്ടുണ്ട് .സംസ്ഥാനത്ത് സുരക്ഷ കൂടുതല്‍ കര്‍ശനമാക്കുമെന്നും ലോക്നാഥ് ബെഹ്റ തിരുവനന്തപുരത്ത് പറഞ്ഞു