മാവൂരില്‍ അനധികൃത എം സാന്റ് യൂണിറ്റുകള്‍ക്കെതിരെ നടപടി ആരംഭിച്ചു
|എം സാന്റ് യൂണിറ്റുകള്‍ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ പൊളിച്ചു നീക്കി
കോഴിക്കോട് മാവൂരില്‍ അനധികൃത എം സാന്റ് യൂണിറ്റുകള്‍ക്കെതിരെ നടപടി ആരംഭിച്ചു. എം സാന്റ് യൂണിറ്റുകള്‍ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ പൊളിച്ചു നീക്കി. അനധികൃതമായി പ്രവര്‍ത്തിക്കുന്ന എം സാന്റ് യൂണിറ്റുകളെ കുറിച്ച് മീഡിയവണ്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
25 എം സാന്റ് യൂണിറ്റുകളാണ് മാവൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നത്. വലിയ പാരിസ്ഥിതിക പ്രശ്നം സൃഷ്ടിക്കുന്ന എം സാന്റ് യൂണിറ്റുകള്‍ക്കെതിരെ നിരവധി തവണ സ്റ്റോപ് മെമ്മോ നല്‍കിയെങ്കിലും പ്രവര്‍ത്തനം നിര്‍ത്തിയിരുന്നില്ല. ഇതോടെയാണ് ഡെപ്യൂട്ടി കലക്ടര്‍ ഷാമിന് സെബാസ്റ്റ്യനും തഹസില്‍ദാര്‍ അനില കുമാരിയും നേരിട്ടെത്തി എം സാന്റ് യൂണിറ്റുകള്‍ക്കെതിരെ നടപടി തുടങ്ങിയത്. യൂണിറ്റുകളിലെ കെട്ടിടങ്ങളെല്ലാം പൊളിച്ചുമാറ്റി. ഉണ്ടായിരുന്ന എം സാന്റ് ലേലം ചെയ്തു. യൂണിറ്റുകളുടെ ഉടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. എം സാന്റ് യൂണിറ്റുകളില്‍ നിന്നുളള അവശിഷ്ടങ്ങള്‍ തണ്ണീര്ത്തടങ്ങളിലേക്കാണ് ഒഴുക്കി വിടുന്നത്. ഇത് മൂലം തണ്ണീര്‍ തടങ്ങളില്‍ കെട്ടി കിടക്കുന്ന എം സാന്റ് എടുത്തുമാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന് വരുന്ന ചെലവ് ഉടമകളില്‍ നിന്നും ഈടാക്കും.