ഇനിയും എന്ന് തീരുമെന്നറിയാതെ പള്ളിവാസല്‍ വിപുലീകരണ പദ്ധതി
|കെടുകാര്യസ്ഥതയിലൂടെ കെ എസ് ഇ ബി പാഴാക്കുന്ന കോടികളുടെ നഷ്ടവും സഹിക്കേണ്ടത് ജനങ്ങള്‍
കെ എസ് ഇ ബിയുടെ പദ്ധതി നടത്തിപ്പിനെക്കുറിച്ച് മനസിലാക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച ഉദാഹരണമാണ് പള്ളിവാസല്‍ വിപുലീകരണ പദ്ധതി. 2007 ല്‍ നിര്‍മാണം തുടങ്ങിയ പദ്ധതി 2015 ല്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. 2020 ല്‍ പൂര്‍ത്തിയാക്കാനേ കഴിയൂ എന്നാണ് ഇപ്പോള്‍ കെ എസ് ഇ ബി പറയുന്നത്. 268 കോടി രൂപ എസ്റ്റിമേറ്റ് തയാറാക്കിയ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് 500 കോടിയോളമാണ്.
60 മെഗാവാട്ട് വൈദ്യതി ഉല്പാദനം ലക്ഷ്യമിട്ട് പള്ളിവാസല്‍ വിപുലീകരണ പദ്ധതി തുടങ്ങിയത് 2007 ല്‍. 2012 ല്‍ പദ്ധതിയുടെ പുരോഗതി സംബന്ധിച്ച ഒരു വിവരാവകാശ അപേക്ഷ നല്‍കിയപ്പോള്‍ കെ എസ് ഇ ബി നല്‍കിയ മറുപടി 2015 ല്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നായിരുന്നു. 2015 ന് ശേഷവും പണിപൂര്‍ത്തിയാകാത്തതിനാല്‍ 2016 ഡിസംബറില്‍ വിവരാവകാശ അപേക്ഷയിലൂടെ വീണ്ടും ഇക്കാര്യം ഉന്നയിച്ചു. അപ്പോള്‍ കിട്ടിയ
മറുപടി 2020 ല്‍ പൂര്‍ത്തിയാകുമെന്നാണ്.
എസ്റ്റിമേറ്റ് തുകയിലുമുണ്ട് ഈ അന്തരം. 268 കോടിയായിരുന്നു എസ്റ്റിമേറ്റ്. 2016 വരെ ചിലവായത് 245.9 കോടി. ഇനിയും 250 കോടി വേണ്ടിവരുമെന്നാണ് കെ എസ് ബി തന്നെ പറയുന്നത്. അതായത് ആദ്യം കണക്കാക്കിയതിന്റെ ഇരട്ടി തുക വേണമെന്ന്. കെടുകാര്യസ്ഥതയിലൂടെ കെ എസ് ഇ ബി ഇങ്ങനെ കോടികള്‍ പാഴാക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടവും സഹിക്കേണ്ടത് ജനങ്ങള്‍ തന്നെ.