കേരളത്തില്‍ കോണ്‍ഗ്രസെന്നാല്‍ ഉമ്മന്‍ചാണ്ടി ?
|മുഖ്യമന്ത്രിയുടെ പിടിവാശിക്ക് മുന്നില്‍ ഹൈകമാന്‍ഡിന് വഴങ്ങേണ്ടി വന്നത് കേരളത്തിലെ കോൺഗ്രസിനകത്ത് ഉമ്മന്‍ചാണ്ടിയുടെ അനിഷേധ്യത തെളിയിക്കുന്നതാണ്.
മുഖ്യമന്ത്രിയുടെ പിടിവാശിക്ക് മുന്നില്‍ ഹൈകമാന്‍ഡിന് വഴങ്ങേണ്ടി വന്നത് കേരളത്തിലെ കോൺഗ്രസിനകത്ത് ഉമ്മന്‍ചാണ്ടിയുടെ അനിഷേധ്യത തെളിയിക്കുന്നതാണ്. അതേസമയം, തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാൽ അതിന്റെ ഉത്തരവാദിത്വവും മുഖ്യമന്ത്രി ഏറ്റെടുക്കേണ്ടി വരും. പാര്‍ട്ടിക്കകത്തെ വടംവലിയില്‍ ക്ഷീണം നേരിട്ടെങ്കിലും ഉമ്മന്‍ചാണ്ടിക്ക് പറ്റിയ എതിരാളിയായി സുധീരന് മാറി.
തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറി നില്‍ക്കുമെന്ന ഉമ്മന്‍ചാണ്ടിയുടെ ഭീഷണിക്ക് മുന്നിലാണ് സുധീരന്റെ വാദങ്ങളും ഹൈകമാന്‍ഡിന്റെ അനുനയ ശ്രമങ്ങളും പാളിയത്. ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്തി ഒരു തെരഞ്ഞെടുപ്പിനെക്കുറിച്ച് ചിന്തിക്കാന്‍ ഹൈകമാന്‍ഡിന് ഇപ്പോൾ കഴിയില്ല. ഈ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ പിടിവാശിക്ക് മുന്നില്‍ ഹൈകമാന്‍ഡ് വഴങ്ങിയത്. കേരളത്തിലെ ഏറ്റവും ശക്തനായ നേതാവാണ് താനെന്ന് ഉമ്മന്‍ചാണ്ടി ഇതിലൂടെ തെളിയിച്ചു.
അതേസമയം ആരോപണവിധേയരുൾപ്പെടെ മത്സരിക്കുന്ന തെരഞ്ഞെടുപ്പിലുണ്ടാക്കുന്ന തിരിച്ചടികൾക്ക് ഉമ്മന്‍ചാണ്ടിയെ മാത്രമായിരിക്കും ഹൈകമാന്‍ഡ് പഴിചാരുക. ഹൈകമാന്‍ഡിന്റെ ഈ അതൃപ്തി ദീര്‍ഘകാല അടിസ്ഥാനത്തിൽ ഉമ്മന്‍ചാണ്ടിക്ക് വിനയാകാന്‍ സാധ്യതയുണ്ട്. തന്റെ വാദങ്ങളൊന്നും അംഗീകരിക്കപ്പെടാതിരുന്നത് വിഎം സുധീരന്റെ പ്രതിച്ഛായക്ക് മങ്ങലേല്പിക്കും. എന്നാൽ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാണ് ഉണ്ടാവുന്നതെങ്കില്‍ പാര്‍ട്ടി തന്റെ നിലപാടിലേക്ക് വരുമെന്ന പ്രതീക്ഷയും സുധീരനുണ്ട്. പാര്‍ട്ടിയുടെ ബലാബലത്തില്‍ ഉമ്മന്‍ചാണ്ടിക്ക് പോന്ന എതിരാളിയായി സുധീരന് പ്രതിഷ്ഠിക്കപ്പെട്ടു എന്ന വിലയിരുത്തലും പാര്‍ട്ടിക്കകത്തുണ്ട്. എ, ഐ ഗ്രൂപ്പുകളിലെ ഒരു വിഭാഗം ഈ അഭിപ്രായം പങ്കുവെക്കുന്നവരാണ്.