പ്രോസിക്യൂഷന് അനുമതിയെക്കുറിച്ച് സെന്‍കുമാര്‍ സര്‍ക്കാരിനോട് ചോദിക്കും
|എഐജി വി.ഗോപാലകൃഷ്ണന് സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നു.
തനിക്കെതിരെ പ്രോസിക്യൂഷന് അനുമതി നല്‍കിയത് എന്തിനെന്ന് പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ സര്‍ക്കാരിനോട് ചോദിക്കും.വിവരാവകാശ നിയമപ്രകാരം ആഭ്യന്തര വകുപ്പിന് അപേക്ഷനല്‍കിയാണ് വിശദീകരണം വാങ്ങുക.എഐജി വി.ഗോപാലകൃഷ്ണന് സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നു.
തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി എന്തിനാണ് എഐജി വി ഗോപാലകൃഷ്ണന് നല്‍കിയതെന്ന് അറിയാനാണ് ടിപി സെന്‍കുമാറിന്റെ ശ്രമം.ഇതിന് വേണ്ടി വിവരവകാശ നിയമപ്രകാരം ഉടന്‍ ആഭ്യന്തര വകുപ്പിന് അപേക്ഷ നല്‍കും. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടുന്നതെന്ന് അപേക്ഷയില്‍ വ്യക്തമാക്കും. സര്‍ക്കാരിന്റെ വിശദീകരണം ലഭിക്കുന്നതിനനുസരിച്ച് നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. മനുഷ്യവകാശ കമ്മീഷനില്‍ ഡിവൈഎസ്പിയായിരുന്ന സമയത്ത് അന്ന് ഐജിയായിരുന്ന സെന്‍കുമാര്‍ തനിക്കെതിരെ വ്യാജ റിപ്പോര്‍ട്ട് നല്‍കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നതായിരുന്നു എഐജിയുടെ പരാതി. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് സെന്‍കുമാറിന്റെ വാദം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനോട് പ്രോസിക്യൂഷന് അനുമതി തേടിയിരുന്നെങ്കിലും അനുമതി നല്‍കിയിരുന്നില്ല.