ഗണ്‍മാനെ മാറ്റിയ കാര്യത്തില്‍ സെന്‍കുമാര്‍ ആഭ്യന്തര വകുപ്പിനോട് വ്യക്തത തേടി
|തന്‍റെ ഗണ്‍മാനെതിരെ ഏതെങ്കിലും തരത്തിലുള്ള പരാതി ലഭിച്ചെങ്കില്‍ അത് തന്നെ അറിയിക്കണമായിരുന്നുവെന്നും പരാതിയില്‍ ഏത് രീതിയിലുള്ള അന്വേഷണമാണ് നടത്തിയതെന്നും എന്താണ് കണ്ടെത്തലെന്നും വ്യക്തമാക്കണമെന്നും
ഗണ്‍മാനെ മാറ്റിയ സര്‍ക്കാര്‍ നടപടിയില്‍ വ്യക്തതേടി പോലീസ് മേധാവി ടിപി സെന്‍കുമാര്‍ ആഭ്യന്തര വകുപ്പിനെ സമീപിച്ചു.വര്‍ഷങ്ങളായി ഒപ്പമുണ്ടായിരുന്ന എഎസ്ഐ അനില്‍കുമാറിനെ എന്തിനാണ് മാറ്റിയതെന്നാണ് ചോദ്യം.തന്റെ സ്റ്റാഫിലുള്ള ഒരാള്‍ക്കെതിരെ പരാതി ലഭിച്ചെങ്കില്‍ അത് ആദ്യം തന്നെയല്ലേ അറിയിക്കേണ്ടിയിരുന്നതെന്നും സെന്‍കുമാര്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ആരാഞ്ഞിട്ടുണ്ട്.
പൊലീസ്,ഇന്റലിജന്‍സ്,ജയില്‍,ഐഎംജി,കെടിഡിഎഫ്സി പദവികളില്‍ ഇരുന്നപ്പോഴെല്ലാം ടിപി സെന്‍കുമാറിനൊപ്പമുണ്ടായിരുന്ന ഗണ്‍മാന്‍ അനില്‍കുമാറിനെ ഇന്നലെയാണ് സര്‍ക്കാര്‍ മാറ്റിയത്.പൊലീസ് ആസ്ഥാനത്തെ ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വിശദീകരിക്കുകയും ചെയ്തു.ഈ സാഹചര്യത്തിലാണ് ടിപി സെന്‍കുമാര്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിനോട് വ്യക്തത തേടിയത്.എന്താണ് അനില്‍കുമാറിനെ മാറ്റാനുള്ള കാരണമെന്നാണ് ചോദ്യം.ഒപ്പം ആരാണ് പരാതി നല്‍കിയതെന്നും എന്താണ് പരാതിയെന്നും പരാതി ആര് അന്വേഷിച്ചെന്നും അന്വേഷണത്തില്‍ എന്താണ് കണ്ടെത്തിയതെന്നും ചോദിച്ചിട്ടുണ്ട്.
തന്റെയൊപ്പം 15 വര്‍ഷമായുള്ള ഉദ്യോഗസ്ഥനെതിരെ പരാതി ലഭിച്ചെങ്കില്‍ അത് ആദ്യം തന്നെ അറിയിക്കേണ്ടതല്ലായിരുന്നോയെന്ന ചോദ്യവും ഉന്നയിച്ചിട്ടുണ്ട്.തനിക്കെതിരെയുള്ള സര്‍ക്കാര്‍ നീക്കമായാണ് ഗണ്‍മാനെ മാറ്റിയെ നടപടിയെ സെന്‍കുമാര്‍ കാണുന്നത്.അതിനിടെ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെ അനില്‍കുമാര്‍ അവധിയില്‍ പ്രവേശിച്ചു.