പത്തനംതിട്ടയിലെ തോട്ടം മേഖലയില്‍ കാന്‍സര്‍ രോഗികള്‍ കൂടുന്നു
|റബ്ബര്‍തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന കീടനാശിനികള്‍ കാന്‍സറിന് കാരണമാകുന്നുവെന്ന് ആക്ഷേപം
പത്തനംതിട്ടയിലെ തോട്ടം മേഖലയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം പെരുകുന്നു. പെരിനാട്, ചിറ്റാര്‍ പഞ്ചായത്തുകളില്‍ മാത്രം നൂറുകണക്കിന് പേര്‍ കാന്‍സര്‍ ബാധിതരാണെന്ന് അധികൃതര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. റബ്ബര്‍ തോട്ടങ്ങളില്‍ നടക്കുന്ന അനിയന്ത്രിത വിഷപ്രയോഗമാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.
പെരിനാട് പഞ്ചായത്ത് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ തയ്യാറാക്കിയ പട്ടിക പ്രകാരം നൂറോളം പേരാണ് തോട്ടം മേഖലയില്‍ കാന്‍സര്‍ ബാധിതരായുള്ളത്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. രോഗം ബാധിച്ച് മരിച്ചവരും രോഗലക്ഷണങ്ങളുള്ളവരും നിരവധി.
പ്രദേശത്തെ കാന്‍സര്‍ രോഗികളില്‍ ചിലരെ ഞങ്ങള്‍ നേരില്‍ കണ്ടു. വീട്ടമ്മയായ അന്നമ്മ വില്‍സണ്‍ ഏറെ നാളത്തെ ചികിത്സക്ക് ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ചികിത്സ തുടരുന്ന വല്‍സലയെ ശാരീരിക അവശതകള്‍ ഇപ്പോഴും പിന്തുടരുന്നു. കര്‍ഷകനായ മധുസൂദന് ഈയിടെയാണ് രോഗം സ്ഥിരീകരിച്ചത്.
റബ്ബര്‍ തോട്ടങ്ങളില്‍ മാരകമായ കളനാശിനികള്‍ ഉപയോഗിക്കുന്നതാണ് രോഗബാധക്ക് കാരണമെന്നാണ് പ്രാദേശിക ഭരണകൂടം കരുതുന്നത്. കാന്‍സര്‍ പടരുന്ന സാഹചര്യത്തില്‍ സംയുക്തമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് പെരിനാട് ചിറ്റാര്‍ പഞ്ചായത്തുകളുടെ തീരുമാനം. പ്രശ്നത്തില്‍ ആരോഗ്യവകുപ്പിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ഇരു പഞ്ചായത്തുകളുടെയും ആവശ്യം
കാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്ന കാര്യം അന്വേഷിക്കാന്‍ പത്തനംതിട്ട ഡിഎംഒയോട് ആവശ്യപ്പെടുമെന്ന് മീഡിയ വണ്‍ വാര്‍ത്തയോട് ആരോഗ്യമന്ത്രി കെ കെ ഷൈലജ പ്രതികരിച്ചു. കാന്‍സര്‍ ബാധിതരുടെ കാര്യത്തില്‍ സര്‍ക്കാറിന് നിതാന്ത്ര ജാഗ്രതയുണ്ടെന്നും മന്ത്രി പറഞ്ഞു.