മില്‍മ പാല് വില വര്‍ദ്ധിച്ചിട്ടും കര്ഷകന് ഗുണമില്ല
|പാലിന് കൊഴുപ്പ് കുറവാണെന്ന് കാണിച്ചാണ് സഹകരണ സംഘങ്ങള്‍ പാല് വില കുറയ്ക്കുന്നത്.
മില്‍മ പാല് വില വര്‍ദ്ധിപ്പിച്ചു നല്‍കിയിട്ടും കര്‍ഷകര്‍ക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ലെന്ന് ക്ഷീര കര്‍ഷകര്‍. വില വര്‍ദ്ധന നടപ്പാക്കി 5 മാസം കഴിയുമ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത് പഴയ വിലതന്നെ. പാലിന് കൊഴുപ്പ് കുറവാണെന്ന് കാണിച്ചാണ് സഹകരണ സംഘങ്ങള്‍ പാല് വില കുറയ്ക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമായി മില്‍മ സംഭരിക്കുന്ന പാലിന്റെ വില ലിറ്ററിന് നാല് രൂപ വര്‍ദ്ധിപ്പിച്ചു നല്‍കിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കര്‍ഷകര്‍ക്ക് ലിറ്ററിന് 37 രൂപയും അതിനു മുകളിലും ഒക്കെ ലഭിക്കുകയും ചെയ്തു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പാലിന് കൊഴുപ്പു കുറയുന്നുവെന്ന കാരണം കാണിച്ച് വില അല്പാല്പമായി കുറയ്ക്കാനാരംഭിച്ചു.
ജൂണ്‍ മാസമായപ്പോഴേയ്ക്കും കര്‍ഷകര്‍ക്ക് ലഭിക്കുന്ന തുക വില വര്‍ദ്ധനയ്ക്ക് മുന്‍പുള്ള അതേ നിലവാരത്തില്‍ എത്തി. നേരത്തെ നല്‍കിയിരുന്ന അതേ ഫാമില്‍ നിന്ന് അതേ പശുക്കളുടെ പാല് നല്കുമ്പോള് എങ്ങനെയാണ് ഈ വ്യത്യാസം വരുന്നതെന്ന് കര്‍ഷകര്‍ ചോദിക്കുന്നു. മാത്രമല്ല എല്ലാ കര്‍ഷകരുടെ കാര്യത്തിലും ഒരേ പോലെ ഇത് സംഭവിക്കുന്നതെങ്ങനെയാണെന്നും കര്‍ഷര്‍ സംശയമുന്നയിക്കുന്നുണ്ട്.
പാലിന്റെ കൊഴുപ്പ് അളക്കുന്ന സംവിധാനം മിക്കവാറും കോടാണെന്നും ഇത് അട്ടിമറിയാണെന്നും കര്‍ഷകര്‍ ആരോപിക്കുന്നുണ്ട്. ആലപ്പുഴ ജില്ലയിലെ ക്ഷീര കര്‍ഷകരാണ് ഇതുമായി ബന്ധപ്പെട്ട് വ്യാപകമായി ആരോപണങ്ങളുമായി രംഗത്തു വന്നിട്ടുള്ളതെങ്കിലും സംസ്ഥാനത്ത് പലയിടത്തും ഈ സ്ഥിതി വിശേഷമുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. പാല് വില വര്‍ദ്ധിപ്പിച്ചതിനു ശേഷം മില്‍മയും കേരള ഫീഡ്സും കാലിത്തീറ്റ വില രണ്ടു തവണ കൂട്ടി. ഇപ്പോള്‍ കൂടിയ വിലയ്ക്ക് കാലിത്തീറ്റ വാങ്ങുകയും പഴയ വിലയ്ക്കു തന്നെ പാല് വില്‍ക്കുകയും ചെയ്യേണ്ട ഗതികേടിലാണ് ക്ഷീര കര്‍ഷകര്‍.