കൊച്ചി മെട്രോ മഹാരാജാസ് വരെ നീട്ടി
|പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള മെട്രോ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാഗ് ഓഫ് ചെയ്തു
കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം നാടിന് സമര്‍പ്പിച്ചു. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ മഹാരാജാസ് വരെ 5 കിലോമീറ്റര്‍ ദൂരത്തിലാണ് പുതിയപാത. ഇതോടെ കൊച്ചി മെട്രോ സ്റ്റേഷനുകളുടെ എണ്ണം പതിനാറായി. രാജ്യത്തെ മെട്രോയുടെ ദൂരം മൂന്ന് വര്‍ഷത്തിനുള്ളില്‍ 500 കിലോമീറ്റര്‍ പിന്നിടുമെന്ന് ചടങ്ങില്‍ സംബന്ധിച്ച കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിലെ രണ്ടാം ഭാഗമായ പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള അഞ്ച് കിലോമീറ്റര്‍ ദൂരത്തിലാണ് മെട്രോ സര്‍വീസ് ദീര്‍ഘിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് പുരിയും ചേര്‍ന്ന് സ്റ്റേഡിയം സ്റ്റേഷനില്‍ പുതിയ സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്തു. ഇരുവരും ജനപ്രതിനിധികളോടൊപ്പം മഹാരാജാസ് സ്റ്റേഷനിലേക്കും തിരിച്ച് കലൂര്‍ വരെയും യാത്ര ചെയ്തു. തുടര്‍ന്ന് ടൌണ്‍ഹാളില്‍ ഉദ്ഘാടനച്ചടങ്ങ്. കേന്ദ്രമന്ത്രി ഹര്‍ദീപ് പുരി ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
നെഹ്റു സ്റ്റേഡിയം, കലൂര്‍ ജംഗ്ഷന്‍, ലിസ്സി, എംജി റോഡ്, മഹാരാജാസ് എന്നിവയാണ് മെട്രോ പുതിയ പാതയിലെ അഞ്ച് സ്റ്റേഷനുകള്‍. ഇതോടെ മെട്രോ നഗരഹൃദയത്തിലേക്ക് ഓടിയെത്തുകയാണ്.