'മരിച്ചതിന് തെളിവില്ല..' മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് സർക്കാർ ആനുകൂല്യം നിഷേധിച്ചു
|13 വർഷം മുമ്പ് സൂനാമിയിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. ബേക്കൽ കടപ്പുറത്തെ ബാലന്റെ കുടുംബത്തിനാണ് ആനുകൂല്യങ്ങൾ ലഭിക്കാത്തത്. മരിച്ചതിന് തെളിവില്ലെന്ന്..
13 വർഷം മുമ്പ് സൂനാമിയിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. ബേക്കൽ കടപ്പുറത്തെ ബാലന്റെ കുടുംബത്തിനാണ് ആനുകൂല്യങ്ങൾ ലഭിക്കാത്തത്. മരിച്ചതിന് തെളിവില്ലെന്ന് പറഞ്ഞാണ് മത്സ്യതൊഴിലാളി കുടുംബത്തിന് സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കുന്നത്. സ്വന്തമായി വീടില്ലാത്തതിനാൽ സഹോദരനോടൊപ്പമാണ് ഇപ്പോൾ ബാലന്റെ കുടുംബം.
സർക്കാറിന്റെ കനിവിനായി കഴിഞ്ഞ 13 വർഷമായി ഓഫീസുകൾ കയറിയിറങ്ങുകയാണ് ഈ കടുംബം. 2004 ഡിസംബർ 27ന് ഉച്ചയ്ക്കാണ് ബാലനെ സൂനാമി തിരയിൽപ്പെട്ട് കാണാതായത്. ഒരാഴ്ചയോളം തിരച്ചിൽ നടത്തിയിട്ടും ബാലനെ കണ്ടെത്താനായില്ല. മൃതദേഹം കണ്ടെത്തിയില്ലെന്ന കാരണത്താൽ മരണ സർട്ടിഫിക്കേറ്റോ മരണാനന്തര ആനുകൂല്യങ്ങളോ കുടുംബത്തിന് കിട്ടിയില്ല.
മാറി മാറി വന്ന മുഖ്യമന്ത്രിമാരെയെല്ലാം നിരവധി തവണ നേരിൽ കണ്ട് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ഫിഷറീസ് വകുപ്പ് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നെങ്കിലും മരണം സ്ഥിരീകരിച്ചതായുള്ള സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ അതും ലഭിച്ചില്ല.