Kerala
എ കെ ശശീന്ദ്രന്‍ നാളെ വീണ്ടും മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യുംഎ കെ ശശീന്ദ്രന്‍ നാളെ വീണ്ടും മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യും
Kerala

എ കെ ശശീന്ദ്രന്‍ നാളെ വീണ്ടും മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യും

Sithara
|
1 Jun 2018 1:11 PM GMT

മടങ്ങിവരവ് രാജിവെച്ച് 10 മാസത്തിന് ശേഷം : ഗതാഗതവകുപ്പ് തന്നെ ലഭിച്ചേക്കും

ഫോണ്‍ കെണി കേസില്‍ പെട്ട് രാജിവെക്കേണ്ടി വന്ന എ കെ ശശീന്ദ്രന്‍ നാളെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നാളെ ഉച്ചയോടെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ ഗവര്‍ണര്‍ സമയം അനുവദിച്ചു. ഫോണ്‍ കെണി കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതോടെയാണ് ശശീന്ദ്രന് മന്ത്രിസഭയിലേക്ക് മടങ്ങിവരാന്‍ വഴിയൊരുങ്ങിയത്.

കോടതി ഉത്തരവ് വന്നതോടെ എല്ലാം പെട്ടെന്നായി. എന്‍ സി പി ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചക്ക് ശേഷം ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ പാര്‍ട്ടി അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍ ഇന്നലെ വൈകിട്ടോടെ തന്നെ എ കെ ജി സെന്ററിലെത്തി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. എന്‍ സി പി ക്ക് അവകാശപ്പെട്ട മന്ത്രിസ്ഥാനം എ കെ ശശീന്ദ്രന് നല്‍കണമെന്നായിരുന്നു കത്തിലെ ആവശ്യം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുമായി ഫോണില്‍ ബന്ധപ്പെട്ട മുഖ്യമന്ത്രി എത്രയും വേഗം ശശീന്ദ്രന്റെ സത്യപ്രതിജ്ഞ നടത്തണമെന്ന താല്‍പര്യം അറിയിച്ചു.

മുന്നണി യോഗം ചേരാതെ തന്നെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തിക്കാന്‍ എല്ലാവരും യോജിച്ചു. തുടര്‍ന്ന് സത്യപ്രതിജ്ഞാ ചടങ്ങിന് മുഖ്യമന്ത്രി ഗവര്‍ണറോട് സമയം തേടി. വ്യാഴാഴ്ച ഉച്ചക്ക് തന്നെ സത്യപ്രതിജ്ഞ നടത്താന്‍ ഗവര്‍ണര്‍ അനുമതിയും നല്‍കി. 10 മാസത്തിന് ശേഷമാണ് ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നത്. നേരത്തെ കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പ് തന്നെയാകും ശശീന്ദ്രന് ലഭിക്കുക.

യുവതിയോട് ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്ന ആരോപണത്തില്‍ പെട്ട് രാജിവെക്കേണ്ടി വന്ന ശശീന്ദ്രന് പിന്നാലെ തോമസ് ചാണ്ടി എന്‍ സി പി പ്രതിനിധിയായി മന്ത്രിസഭയിലെത്തിയെങ്കിലും കായല്‍ കയ്യേറ്റ ആരോപണത്തില്‍ പെട്ട് അദ്ദേഹത്തിനും രാജിവെക്കേണ്ടി വന്നു. രണ്ട് എം എല്‍ എമാര്‍ മാത്രമുള്ള എന്‍ സി പിക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യവും നഷ്ടമായി. ആദ്യം കുറ്റ വിമുക്തനായെത്തുന്നയാള്‍ക്ക് മന്ത്രിപദവിയെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് എ കെ ശശീന്ദ്രന്‍ മന്ത്രിയായി മടങ്ങിയെത്തുന്നത്.

Similar Posts